ടാഗോറിന്‍റെ ശിവഗിരി സന്ദര്‍ശന ശതാബ്ദി വിപുലമായ പരിപാടികൾ

മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ശിവഗിരി സന്ദര്‍ശന ശതാബ്ദിയുടെ ഭാഗമായി നവംബര്‍14, 15 തീയതികളില്‍ ശിവഗിരി മഠത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നോബല്‍ സമ്മാന ജേതാവായ വിശ്വമഹാകവി ഗുരുദേവ് ടാഗോര്‍ തെക്കേഇന്ത്യയിലെ ഗുരുദേവനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി ശ്രീനാരായണ പ്രസ്ഥാനത്തിന് സവിശേഷമാകുന്ന ഒരു സംഭവമാണ്. മഹാകവി എന്ന നിലയില്‍ ടാഗോറിനെ സ്മരിച്ചുകൊണ്ട് ടാഗോറിന്‍റെ ശിവഗിരി - ശ്രീനാരായണ ഗുരു സന്ദര്‍ശനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി യുവ പ്രതിഭകളായ കവികള്‍ക്കായി കവിതാ മത്സരം നവംബര്‍ 14 ന് നടത്തും. അതുപോലെ ഈ സന്ദര്‍ശന ശതാബ്ദിയെക്കുറിച്ച് പ്രശസ്ത കവികള്‍ പങ്കെടുക്കുന്ന കവിയരംഗും അന്നേ ദിവസം സംഘടിപ്പിക്കുന്നു. നവംബര്‍ 15 ന് മഹാകവിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആചാര്യ സ്മൃതിയും ശതാബ്ദി സമ്മേളനവും സംഘടിപ്പിക്കും. ഭാരതത്തിലെ പ്രശസ്തരായ സാഹിത്യ സാംസ്കാരിക നായകന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഗുരുദേവന്‍റേയും ടാഗോറിന്‍റേയും സമാഗമം എന്ന വിഷയത്തെ ആസ്പദമാക്കി നാല്‍പ്പത് വരിയില്‍ കുറയാത്ത തത്സമയ കാവ്യരചനാ മത്സരത്തില്‍ വിജയികളാവുന്ന കവികള്‍ക്ക് ശ്രീശാരദാംബാ പുരസ്കാരവും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. മഹാകവി ടാഗോറിന്‍റെ സന്ദര്‍ശന ശതാബ്ദി രാജ്യത്തെ ശ്രീനാരായണ പ്രസ്ഥാനങ്ങളും സാമൂഹിക സാംസ്കാരിക സാഹിത്യ പ്രസ്ഥാനങ്ങളും നവംബര്‍ 15 ന് ദേശം തോറും സംഘടിപ്പിക്കുവാന്‍ തയ്യാറാകണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. (വിശദ വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. യുമായി ബന്ധപ്പെടേണ്ടതാണ്.