ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്.

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പോലീസിൻ്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ ആത്മഹത്യശ്രമം എത്തുകയും അവർ സൈബർ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതർ കൊച്ചി സൈബർ പോലീസിന് നൽകിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബർ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബർ സെൽ ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഈ വിവരം ചേർത്തല, കരമന പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പോലീസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടർന്ന് തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. 

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

#keralapolice