തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി

തിരുവനന്തപുരം : കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പാളയത്തുനിന്ന് ഓടിയ പോത്ത് മ്യൂസിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു. നഗരത്തിലൂടെ ഏകദേശം ഒന്നരക്കിലോമീറ്റർ പോത്ത് ഓടി. ഒടുവിൽ ഏറെ പണിപ്പെട്ട് പോത്തിനെ രാജാജിനഗറിൽനിന്നുള്ള അഗ്നിരക്ഷാസേന പിടികൂടി. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. പോലീസ് സ്റ്റേഷൻ ഗേറ്റിലൂടെയാണ് പോത്ത് മ്യൂസിയത്തിനുള്ളിലേക്കു കടന്നത്. തുടർന്ന് മ്യൂസിയത്തിലെ നടപ്പാതയിലൂടെ വിരണ്ട് ഓടുകയായിരുന്നു. സംഭവത്തിൽ കാൽനടയാത്രക്കാരന് നിസാര പരിക്കേറ്റു.

പാളയം ഭാഗത്തുനിന്ന് പ്രായമായ ആളാണ് പോത്തിനെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാൾ രക്ഷപ്പെട്ടു. പോത്തിന്റെ കൊമ്പ് ഇളകിയ നിലയിലാണ്. ഇതിന്റെ വേദനകാരണമാകാം പോത്ത് ഓടിയതെന്നാണ് സംശയിക്കുന്നത്. വഴിയിലൂടെ പോത്ത് ഓടിവരുന്നത് കണ്ട് ആളുകൾ ഓടിമാറിയതാൽ കൂടുതൽപേർക്ക് പരിക്കേറ്റില്ല. എന്നാൽ, ഒരാളെ പോത്ത് ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സതേടി. 

മ്യൂസിയത്തിനകത്ത് ആളുകളെ ഒഴിപ്പിച്ചു, ഗേറ്റ് അടച്ചിട്ടു

പോത്ത് ഓടിക്കയറിയപ്പോൾ മ്യൂസിയത്തിനകത്ത് നൂറിലേറെപ്പേർ ഉണ്ടായിരുന്നു. ഇതോടെ ആളുകളെ പോലീസും അഗ്നിരക്ഷാസേനയും മ്യൂസിയം അധികൃതരും ചേർന്ന് ഒഴിപ്പിച്ചു. പോത്ത് പുറത്തുപോകാതിരിക്കാൻ മ്യൂസിയത്തിന്റെ ഗേറ്റുകളെല്ലാം അടച്ചിട്ടു. ഒടുവിൽ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി കയറുകൊണ്ടുള്ള വലിയ വല വിരിച്ച് പോത്തിനെ കുടുക്കി. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വരുതിയിലാക്കിയത്. സീനിയർ ഫയർ റസ്‌ക്യു ഓഫീസർ എം.ഷാഫിയുടെ നേതൃത്വത്തിൽ ഏഴുപേർ ചേർന്നാണ് പോത്തിനെ പിടികൂടിയത്. 

പോത്തിന്റെ കൊമ്പ് ഒടിഞ്ഞ നിലയിൽപോത്തിന്റെ വലതുഭാഗത്തെ കൊമ്പ് ഒടിഞ്ഞ നിലയിലാണ്. കൊമ്പ് തുണികൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാളയത്തെ ഒരു അറവുശാല ഉടമ പോത്തിന്റെ അവകാശമുന്നയിച്ച്‌ മ്യൂസിയം പോലീസ്‌ സ്റ്റേഷനിലെത്തി. ഇദ്ദേഹത്തിന്‌ ശനിയാഴ്ച പോത്തിനെ കൈമാറും.