'വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി വേണം'; നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ എന്ന് സുപ്രീംകോടതി

ദില്ലി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മൾ ജീവിക്കുന്നത്', എന്നിട്ടും മതത്തിന്റെ പേരിൽ എവിടെയാണ് എത്തി നിൽക്കുന്നത് - വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബെഞ്ച് ചോദിച്ചു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേർന്നതല്ല വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടി വേണം. നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട സർക്കാരുകൾ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.  ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്വേഷ പ്രസംഗത്തിനെതിരെ മുന്നറിയിപ്പ്  നൽകിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കവേയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.