കൊല്ലം: ‘ഓർമകൾക്കെന്ത് സുഗന്ധം..’–തന്റെ പ്രിയ വാഹനം വീണ്ടും കണ്ടപ്പോൾ ഗായകൻ എം.ജി.ശ്രീകുമാർ പാടി. ചെന്നൈയിലെത്തിയ ശേഷം 2000ൽ എംജി വാങ്ങിയ ആദ്യ കാറായ മാരുതി 800 പുത്തൻ ലുക്കിൽ വീണ്ടും എത്തി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെത്തി എം.ജി.ശ്രീകുമാർ ഭാര്യയ്ക്കൊപ്പം ഓർമകൾ പങ്കുവച്ചു. മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയ ഒട്ടേറെ പ്രമുഖരെയുമായി യാത്ര ചെയ്ത വാഹനമാണിത്. ഇതിൽ പോയി പാടിയ പാട്ടുകളിൽ കൂടുതലും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. നരസിംഹത്തിലെ പഴനിമല മുരുകൻ പാടാനും ഇതിലാണ് പോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഉപയോഗിക്കാതെയായി. നാല് മാസം മുൻപ് ചെന്നൈയിൽ നിന്ന് ഒരുവിധം തിരുവനന്തപുരത്തെത്തിച്ചു. ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. അതിനാൽ ഇവിടെ എത്തിച്ച് പെയിന്റിങ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കി. ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.