സിട്രാങ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ബംഗ്ലദേശിലേക്ക് നീങ്ങുന്നതിനാൽ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ 8.30ന് ബംഗാളിലെ സാഗർ ദ്വീപിന് 380 കിലോമീറ്റർ തെക്കും ബംഗ്ലദേശിലെ ബാരിസാലിന് 670 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറും ആയിരുന്നു ചുഴലിക്കാറ്റെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുകയും അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുകയും ചെയ്യും. ശേഷം ബുധനാഴ്ച പുലർച്ചെ ബംഗ്ലദേശ് തീരം കടക്കാനാണ് സാധ്യത. ഇന്നും നാളെയും ബംഗാളിലെ തീരദേശ ജില്ലകളായ സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപുർ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് 24 പർഗാനാസിൽ സുരക്ഷാസേനയെ വിന്യസിച്ചു.
ത്രിപുര, അസം, മിസോറാം, മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ടും അരുണാചൽ പ്രദേശിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിൽ 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 26 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ത്രിപുര സർക്കാർ അവധി പ്രഖ്യാപിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ ദുരന്തനിവാരണ സേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.