വീടിൻ്റെ ഗേറ്റിനു പുറത്താക്കി വാതിലടച്ചു; യുവതിയും കുഞ്ഞും രാത്രി മുഴുവൻ പെരുവഴിയിൽ

കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊല്ലം കൊട്ടിയത്താണ് സംഭവം.വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണീഫോം പോലും മാറാതെ വീട്ടുപടിക്കല്‍ നില്‍ക്കുകയാണ് അഞ്ചുവയസ്സുകാരനും അമ്മയും

തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു. 

ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ബസില്‍ നിന്ന് മകനെ വിളിക്കാന്‍ പോയതാണ് അതുല്യ.”അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാന്‍ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കുവന്നു.ഗെയിറ്റിനടുത്തെത്തിയപ്പോള്‍ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു”, അതുല്യ പറഞ്ഞു