തിരുവനന്തപുരം ∙ ഈ നഗരത്തോടായിരുന്നു നെടുമുടി വേണുവിന് കമ്പം. തന്നെ നടനാക്കി മാറ്റിയ തിരുവനന്തപുരത്ത് സ്ഥിര താമസമാക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ വീടു വച്ച് അതിന് ‘തമ്പ്’ എന്നു പേരു നൽകി. തമ്പിൽ സന്തോഷത്തോടെ ഒത്തിരി കാലം പാർത്തു. തമ്പിലിപ്പോൾ വേണുവില്ല. അദ്ദേഹം വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം . നെടുമുടിയുടെ ഓർമ പുതുക്കാൻ ഇന്നു സുഹൃത്തുക്കളും കലാപ്രേമികളും ഒത്തുചേരും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നെടുമുടി വേണുവിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.
കരളിലെ കാൻസർ ബാധയെത്തുടർന്നായിരുന്നു അന്ത്യം. മൂന്നു തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പത്നി ടി.ആർ.സുശീല കരൾ പകുത്തു നൽകാൻ തയാറായിരുന്നുവെങ്കിലും നെടുമുടി സമ്മതം നൽകിയില്ല. ‘‘ ആയുസ്സ് വില കൊടുത്തു വാങ്ങിയാലും വലിയ ഫലം ചെയ്യില്ല. ജനനത്തിന് സ്വാഭാവികമായ മരണമുണ്ട്. അത് നടക്കേണ്ട സമയത്തു നടക്കും’’. –ഇതായിരുന്നു നെടുമുടി വേണുവിന്റെ നിലപാട്. അദ്ദേഹമത് പലവട്ടം ആവർത്തിക്കുകയും ചെയ്തു. അര നൂറ്റാണ്ടോളം സിനിമയിലും നാടകത്തിലുമായി തിളങ്ങി നിന്ന നടനായിരുന്നു . അഞ്ഞൂറിലേറെ സിനിമകളിൽ വേഷമിട്ടു. വില്ലനായും സഹനടനായും സ്വഭാവനടനായുമൊക്കെ ഒട്ടേറെ പകർന്നാട്ടങ്ങൾ.
അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷക മനസ്സിൽ പ്രതിഷ്ഠിച്ച അഭിനേതാവ്. സ്കൂൾ പഠനകാലത്ത് നാടകങ്ങൾ എഴുതി. കോളജ് കാലത്തിനുശേഷം കുറച്ചുകാലം പത്രപ്രവർത്തകനായും പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായി. നെടുമുടിയിൽ നിന്നു തിരുവനന്തപുരത്തേക്ക് താമസം മാറിയ ശേഷമാണ് നടനെന്ന നിലയിൽ പ്രശസ്തനാകുന്നത്. സൗഹൃദം പകർന്നു നൽകിയ പിൻബലത്തിലാണ് അദ്ദേഹം ഇവിടെ പാർപ്പുറപ്പിച്ചത്. കാവാലം, അരവിന്ദൻ, പത്മരാജൻ, ഭരതൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള ബന്ധവും സൗഹൃദവും ആഴത്തിലുള്ളതായിരുന്നു.
1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പിലൂടെ അരങ്ങേറ്റം. ഭരതന്റെ ആരവത്തിലൂടെ മികച്ച നടനെന്ന പേരെടുത്തു. ഭരതന്റെ സംവിധാനത്തിൽ തന്നെ ഒരുങ്ങിയ ‘തകര’യിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രത്തിലൂടെ നെടുമുടി വേണു താരപരിവേഷം നേടിയെടുത്തു. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരക്ടർ വേഷങ്ങളിലേക്കുള്ള ചുവടുവയ്പ്പായി. സ്വതസിദ്ധമായ അഭിനയവും സംഭാഷണ ശൈലിയും വ്യത്യസ്തമായ ശരീരഭാഷയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകുകയും ചെയ്തു. നാടകവും തനതുനാടകപ്പാട്ടുകളും ശീലുകളും മൃദംഗവും ഹരമായിരുന്നു. പാച്ചി എന്ന തൂലികാനാമത്തിൽ കഥയും തിരക്കഥയും ഒരുക്കിയിരുന്നു. ‘പൂരം’ എന്ന സിനിമ സംവിധാനം ചെയ്തു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും മറ്റു ബഹുമതികളും നേടി.
🔴
ഓർമ്മ
ഒക്ടോബർ 11
🟢
നെടുമുടി വേണു
(1948-2021)
ചരമദിനം
⚫
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു കെ.വേണുഗോപാൽ എന്ന നെടുമുടി വേണു. അഭിനേതാവ്, നാടക പ്രവർത്തകൻ, പത്രപ്രവർത്തകൻ, പാട്ടുകാരൻ എന്നിങ്ങനെ ഏതരങ്ങിലും കൊടുമുടിയുടെ തലപ്പൊക്കത്തോടെ നിന്നു.
ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ടു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെതന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി.
രണ്ട് ദേശീയ അവാർഡുകളും ആറ് സംസ്ഥാന അവാർഡുകളും നേടി.
ആലപ്പുഴയിലെ നെടുമുടിയിൽ അദ്ധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും
കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22ന് ജനിച്ചു.
ആലപ്പുഴ എസ്ഡി കോളജിലെ പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായി. കുറച്ചുകാലം പാരലൽ കോളജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. സഹപാഠിയായിരുന്ന ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമായി.
ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാദ്ധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും പണിയെടുത്തു.
1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെ ചലച്ചിത്രജീവിതം സജീവമാക്കി. പിന്നാലെ വന്ന ഭരതന്റെ ‘ആരവ’വും ‘തകര’യും പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. ‘കൈരളീവിലാസം ലോഡ്ജ്’ എന്ന ശ്രദ്ധേയ പരമ്പര സംവിധാനം ചെയ്തു.
ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, വിടപറയുംമുമ്പേ, യവനിക, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗ്ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.
പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രതിഫലിച്ചു. ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമര്‍പ്പിതമായിരുന്നു.
2021 ഒക്ടോബർ 11ന് അന്തരിച്ചു.
ഭാര്യ: ടി.ആർ. സുശീല.
മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.