വിഴിഞ്ഞത്ത് സെപ്റ്റംബറില്‍ കപ്പല്‍ എത്തിക്കും എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാരിന് തര്‍ക്കമില്ലെന്നും അടുത്ത സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് കപ്പല്‍ എടുക്കാന്‍ ഉള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

 അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസത്തോളം ആയി വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു.

 പണിമുടങ്ങിയ കാലയളവില്‍ ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

 അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

 ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയുണ്ട്. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അനുഭവപൂര്‍വ്വം പരിഗണിച്ചു.

 സംയുക്ത സമര സമിതിയുമായി ഇനിയും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

 വിഴിഞ്ഞത്ത് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ കപ്പലില്‍ എത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

 സമരം കാരണം അദാനി ഗ്രൂപ്പില്‍ ഉണ്ടായ നഷ്ടം നിയമ, ധനവകുപ്പുകളുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും.

 ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 അദാനി ഗ്രൂപ്പില്‍ നല്‍കാനുള്ള സംസ്ഥാനകേന്ദ്ര വിഹിതം ഉടന്‍ തന്നെ നല്‍കും.

 മണ്ണെണ്ണ ഇന്ധനമാക്കിയുള്ള മീന്‍പിടുത്ത യാനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മണ്ണെണ്ണ ഇതര ഇന്ധനങ്ങളിലേക്ക് മാറാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു