ചാർജിങ്ങിനിടെ മൊബൈൽ ഫോൺ ചൂടായി തീപിടിച്ചു, തിരുവനന്തപുരത്ത് വീടിന്റെ ഒന്നാംനില കത്തി നശിച്ചു

തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നിലയിൽ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.

ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു.

അയൽവീട്ടുകാരാണ് മുകൾനിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

മുറിക്കകത്ത് എ.സി. ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, വൈദ്യുതത്തകരാർ കണ്ടെത്താനായില്ല. ചാർജ് ചെയ്യാനായി കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന മൊബൈൽ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.