‘മീശ എനിക്ക് ഹരം, നടനാകണമെന്നാണ് ആഗ്രഹം, ആളുകൾ ട്രോളുകൾ കൊണ്ട് അപമാനിച്ചുവെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറിയാക്കിയ വിഡിയോ ഒരുവർഷം മുൻപേ ഉള്ളതാണെന്നും ട്രോളുകൾ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണെന്നും വിനീത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മീശ വിറ്റ് കാശാക്കിയവരോട് എന്ന തലക്കെട്ടിയിൽ വിനീത് വിഡിയോ പങ്കുവെച്ചത്.‘അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെ പങ്കുവെച്ച സ്റ്റോറി എടുത്താണ് ട്രോളുകൾ വരുന്നത്. സത്യം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ കോടതിയ്ക്ക് മുന്നിൽ നിൽക്കുന്നയാളാണ് താൻ, ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. നടനാകണമെന്ന ആഗ്രഹത്തിൽ ആണ് ടിക് ടോക്ക് ചെയ്തതെന്നും ആളുകൾ വളരാൻ അനുവദിക്കില്ലെന്നും വിനീത് വിഡിയോയിൽ പറയുന്നു.‘ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ഞാനും ഒരു യൂട്യൂബറും, ഇൻസ്റ്റാഗ്രാമറും ആണ്, റീൽസ് ഒക്കെ ചെയ്യുന്നതാണ്, ടിക്ടോക് ചെയ്തിരുന്നു. അപ്പോൾ, ഞാനും ട്രോൾ വിഡിയോകൾ ഒരുപാട് ചെയ്തിട്ടുണ്ട്. മീശ ഇപ്പോൾ എടുക്കാൻ കാരണം, സത്യത്തിന് പുറമെ അസത്യം വിളിച്ച് കാണിക്കുന്ന ജയിലിൽ നിന്ന് ഞാൻ പുറത്തിറങ്ങി. കവലയിലേയ്ക്കൊക്കെ ഇറങ്ങുമ്പോൾ എന്നെ മനസിലാവുന്നില്ല ആർക്കും. ഇത് ഇവനാണോ, ഇത് പീഡനവീരനല്ലേ എന്നുള്ള രീതിയിൽ പലരും വന്ന് ചോദിക്കുന്നു. ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. ഞാൻ തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കും. എല്ലാവരും പറയുന്നത് പണം വാങ്ങി, സാമ്പത്തിക ഇടപാട്, നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ്. ജയിലിൽ കിടക്കുമ്പോൾ എന്റെ വക്കീൽ മുഖേനയാണ് ഞാൻ ഇതൊക്കെ അറിയുന്നത്. പൊലീസ് സ്റ്റേഷനിൽ ഈ രീതിയിൽ കേസ് വന്നിട്ടില്ല. മീശ എനിക്ക് ഹരമാണ്. ഉടനെ നടനാകും എന്ന പ്രതീക്ഷയിലാണ് ഞാൻ ടിക് ടോക് ചെയ്ത് തുടങ്ങിയത്. ഞാൻ ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ ചെന്നപ്പോൾ അമ്മ പറയുന്നത്, ഇനികെങ്കിലും ഒരു പ്രശ്നത്തിനും പോകരുത് എന്നാണ്. എന്റെ അമ്മയെ വരെ ചീത്ത വിളിക്കുന്ന കമന്റുകൾ ഉണ്ട്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഞാൻ തെറ്റുകാരനല്ല എന്ന് അറിയുമ്പോൾ, നിങ്ങളുടെ അമ്മയെ ഓർത്ത് നിങ്ങൾ വിഷമിക്കും. ആളുകൾ വളരാൻ അനുവദിക്കില്ല, ഫിൽറ്റർ ഇട്ട് വീഡിയോ ചെയ്യുമ്പോൾ കുറ്റം പറയുന്നത് അവരേക്കൊണ്ട് പറ്റാത്തത് കൊണ്ടാണെന്ന് മനസിലാക്കുക’ വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയാണ്.