ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറികൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കും.

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് കഴിഞ്ഞ ഡിസംബർ 22 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 ന് തോന്നയ്ക്കലിൽ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രജിത അപമാനിക്കുന്നത്. ഐ എസ് ആർ ഒയുടെ റോക്കറ്റിന്‍റെ ഭാഗങ്ങള്‍ വലിയ വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനൊപ്പം ദേശീയപാതയ്ക്കരുകിൽ കുട്ടിയെത്തുന്നത്. കുട്ടി മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥ രജിത അധിക്ഷേപിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ പിന്നീട് പിങ്ക് വാഹനത്തിൽ നിന്നും കണ്ടെത്തി. എട്ട് വയസ്സുകാരി മോഷ്ടിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും പൊതുമധ്യത്തിലെ അധിക്ഷേപത്തെ തുടർന്ന് വാവിട്ട കരഞ്ഞ കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റൂറൽ എസ്പി അന്വേഷണം നടത്തി. കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലമാറ്റത്തിലും 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുക്കി. ഈ നടപടി വിവാദമായതോടെ ദക്ഷിണ മേഖല ഐ ജി അന്വേഷിച്ചു. ഉദ്യോഗസ്ഥക്ക് നൽകേണ്ട പരമാവധി ശിക്ഷ നൽകിയെന്നായിരുന്നു ഐ ജിയുടെ റിപ്പോ‍ർട്ട്. ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.