കടയ്ക്കാവൂർ: വക്കംനിവാസികൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെത്താൻ ഉപയോഗിക്കുന്ന റോഡാണ് വക്കം ചന്തമുക്ക് മരതൻവിളാകം വഴി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ളത്. യാത്ര ചെയ്യാൻ സാധിക്കാത്തവിധം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് ഈ റോഡ്.കടയ്ക്കാവൂർ നിവാസികൾ വക്കം മാർക്കറ്റിലേക്കും വക്കം ഹയർ സെക്കൻഡറി സ്കൂളിലേക്കും പോകുന്നതിന് ഉപയോഗിക്കുന്ന റോഡാണിത്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമായ ഈ ഭാഗത്ത് കുറ്റിക്കാടുകൾ വളർന്ന് പന്തലിച്ച് കിടക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളും
പൊട്ടിപ്പൊളിഞ്ഞും ഗട്ടറുകൾ രൂപപ്പെട്ടും കിടക്കുന്നതിനാൽ യാത്ര ബുദ്ധിമുട്ടാണ്. മഴക്കാലമായാൽ റോഡിലുണ്ടാകുന്ന വെള്ളക്കെട്ടാൽ രൂപപ്പെടുന്ന കുഴികളിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണവും അനവധിയാണ്. വക്കം കടയ്ക്കാവൂർ പഞ്ചായത്തുകളിൽ കൂടിയുളള റോഡായതിനാൽ ഇരു പഞ്ചായത്തുകളും ഈ റോഡിനെ പറ്റി ശ്രദ്ധിക്കുന്നേയില്ല. നാട്ടുകാർ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമായി പരാതികൾ നൽകിയെങ്കിലും ഇതുവരെയും അധികൃതരിൽ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.