“ഞങ്ങള്‍ എവിടെയും പോകുന്നില്ല; പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക്

അറ്റ്ലാൻ്റ:കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും അത് ചാനലിനെ ബാധിക്കില്ല. ചാനല്‍ ഇനിയും ലഭ്യമാകുമെന്നും കമ്പനി വ്യക്തത വരുത്തി. ”ഞങ്ങൾ മരിച്ചിട്ടില്ല, 30 വയസ് തികയുകയാണ്. ഞങ്ങളുടെ ആരാധകരോട്: ഞങ്ങൾ എവിടെയും പോകുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണുകളുടെ വീടായിരിക്കും എപ്പോഴും ഞങ്ങള്‍. കൂടുതല്‍ കാര്‍ട്ടൂണുകളുമായി ഞങ്ങള്‍ ഉടന്‍ വരും” കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

“കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ ബാല്യകാല സ്മരണകളുമായി എത്തിയത്. 30 വർഷത്തെ മികച്ച കഥ പറച്ചിലിനും കഥാപാത്രങ്ങൾക്കും അവർ ചാനലിനും ബന്ധപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞു. ‘#RIPCartoonNetwork’ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ നിറഞ്ഞു. കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കായിരുന്നു തങ്ങളുടെ കുട്ടിക്കാലത്തെ ലോകമെന്നായിരുന്നു പലരും കുറിച്ചത്.”