വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം : ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതിയുടെ റോഡ് ഉപരോധം ആറ്റിങ്ങലിൽ തുടങ്ങി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന റോഡ് ഉപരോധം  തുടങ്ങി
റോഡ് ഉപരോധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പോലീസ് സുരക്ഷാ.

അതിരൂപതയ്ക്ക് കീഴിലുള്ള ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങൽ, ചാക്ക, സെക്രട്ടറിയേറ്റ്, സ്റ്റേഷൻ കടവ്, കുമരിച്ചന്ത, തിരുവല്ലം, പൂവാർ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെയാണ് ഉപരോധസമരം നടക്കുക.

ആറ്റിങ്ങൽ മേഖലയിൽ കച്ചേരി ജെൻക്ഷൻ കേന്ദ്രീകരിച്ച് അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അഞ്ചുതെങ്ങ് ഫെറോനയ്ക്ക് കീഴിലെ ഇടവകകളായ അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, താഴമ്പള്ളി, ചമ്പാവ്, അരയത്തുരുത്തി, മൂങ്ങോട്, വെന്നിയോട്, ആറ്റിങ്ങൽ, ഐരൂർ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ അണിനിരക്കും.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നലെ സര്‍ക്കുലര്‍ വായിച്ചിരുന്നു. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഇന്ന് നടത്താനിരിക്കുന്ന റോഡ് ഉപരോധത്തിന്റെയും ബുധനാഴ്ച നടത്താനിരിക്കുന്ന സമരത്തിന്റെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍. തുറമുഖ കവാടത്തിലെ സമരം തുടങ്ങി ഇത് അഞ്ചാം തവണയാണ് ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. സമരം തുടങ്ങി അറുപത് ദിവസത്തിലധികം പിന്നിടുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത്. തുറമുഖ നിര്‍മ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ പഠിക്കുന്നതിനായി ലത്തീന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന റോഡ് ഉപരോധങ്ങൾ ജില്ലാ കളക്ടർ നിരോധിച്ചു. ഈ മേഖലകളിൽ മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.