തിരുവനന്തപുരം: ഷാരോണിന്‍റെ കൊലപാതകത്തില്‍ പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാരോണിന്‍റെ കുടുബം. തന്‍റെ പരാതി ലാഘവത്തോടെയാണ് പൊലീസ് എടുത്തതെന്നാണ് ഷാരോണിന്‍റെ സഹോദരൻ ഷിമോൺ പറയുന്നത്. മൊഴി നൽകാൻ സ്റ്റേഷനിൽ പോയപ്പോൾ പൊലീസ് ഗ്രീഷ്മയെ ന്യായീകരിച്ചുവെന്നും സഹോദരൻ പറഞ്ഞു. അതേസമയം, പൊലീസ് അനാസ്ഥയിലും അന്വേഷണമുണ്ടാകും എന്നാണ് വിവരം.കേസന്വേഷണത്തില്‍ പാറശ്ശാല പൊലീസ് അലംഭാവം കണിച്ചെന്ന് ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ ആരോപിക്കുന്നു. പാറശ്ശാല എസ്ഐ അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ അനുകൂലിച്ചെന്നും ഷിമോണ്‍ പറയുന്നു. കഷായത്തിന്‍റെ രാസപരിശോധന ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞെന്നും ഷാരോണിന്‍റെ സഹോദരന്‍ പറഞ്ഞു. ആ പെണ്‍കുട്ടി അങ്ങനെ ചെയ്യില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഡോക്ടറുടെയും കുപ്പിയുടെും വിവരങ്ങള്‍ ശേഖരിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്നും ഷാരോണിന്‍റെ സഹോദരൻ ഷിമോൺ പറഞ്ഞു.ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.