"സർ ചമ്മണ്ണൂർ തലക്കാട്ട് വീട്ടിലെ ശ്രീമതിയെ മകൻ മനോജ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി".
ഫോൺ അറ്റന്റ് ചെയ്ത SCPO സവിൻ കുമാർ റിസീവർ താഴ്ത്തി വച്ച് ഒട്ടും അമാന്തിക്കാതെ ഡ്രൈവർ സി പി ഒ ശരത് ലാലുമൊത്ത് ജീപ്പെടുത്ത് അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.
ക്ഷണനേരം കൊണ്ട് അപകടം നടന്ന വീട്ടിലെത്തി. ധാരാളം ആൾക്കാർ വീടിന് പുറത്ത് കൂടി നില്ക്കുന്നു. ആരും വീടിനുള്ളിലേക്ക് കടക്കുന്നില്ല. വെളിച്ചമില്ല, നല്ല ഇരുട്ട് , മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ സവിൻ കുമാർ വീട്ടിലേക്ക് കയറി.
മണ്ണെണ്ണയുടെയും കരിഞ്ഞ മാംസത്തിന്റെയും അസഹ്യമായ മൂക്ക് തുളച്ച് കയറുന്ന ഗന്ധം. ഒരു ഞെട്ടലോടെയാണ് സവിൻ കുമാർ ആ ഭീതി ജനകമായ രംഗം കണ്ടത്. ഭൂരിഭാഗവും കത്തി നശിച്ച എഴുപതു വയസ്സിലധികം തോന്നിക്കുന്ന ഒരു സ്ത്രീ വേദന കൊണ്ട് അലറി നിലവിളിക്കുന്നു..
ഒരു സാധാരണ മനുഷ്യന് കണ്ടു നില്ക്കാൻ കഴിയാത്ത അതി ദാരുണമായ രംഗം . അപ്പോഴേക്കും സ്റ്റേഷനിൽ നിന്ന് അപകട സ്ഥലത്തേക്ക് എത്തുന്നതിനിടയിൽ വിളിച്ച ആംബുലൻസ് അവിടെയെത്തി. അപകടത്തിനിരയായ സ്ത്രീയെ അംബുലൻസിലേക്ക് എത്തിക്കാൻ ഒരു കൈ സഹായം അവിടെ കൂടി നിന്നവരോട് സവിൻ കുമാർ അഭ്യർത്ഥിച്ചെങ്കിലും അകത്തേക്ക് കയറാൻ ആർക്കും ധൈര്യം വന്നില്ല.
അപ്പോഴും മാംസം കത്തിയതിന്റെ പുകയും അസഹനീയമായ ഗന്ധവും അവിടെ തങ്ങി നിന്നു. പരസഹായമുണ്ടാകില്ലന്ന് മനസ്സിലാക്കിയ സവിൻ കുമാർ ശരത് ലാലിന്റെ സഹായത്തോടെ വെന്തുരുകിയ ആ ശരീരം എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് വച്ച് ഇരുളിനെ വകഞ്ഞ് മാറ്റി ആംബുലൻസിലേക്കോടി .
അതിവേഗം ആംബുലൻസ് അമല ആശുപത്രി യിലേക്ക് പുറപ്പെട്ടു. വെന്തുരുകിയ ശരീരവുമായി അലമുറയിട്ട വിളിക്കുന്ന ശ്രീമതി യെ ആശ്വസിപ്പിച്ചു കൊണ്ട്, ചോരയും കത്തി കരിഞ്ഞ മാംസവും പറ്റിപ്പിടിച്ച യൂണിഫോമിട്ട് മനുഷ്യത്വം മരിക്കാത്ത മനസ്സുമായി സവിൻ കുമാർ ആംബുലൻസിലും, പിന്നാലെ ജീപ്പിൽ ശരത് ലാലും ആശുപത്രിയിലേക്ക് ...
സവിൻ കുമാർ ഇതിന് മുമ്പും ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പോലീസുകാരനാണ്.
2021 ൽ കോവിഡ് മഹാമാരി ലോകമാകെ പിടിച്ചുലച്ച കാലത്ത് കാണാതായ ആളുടെ മൃതദേഹം മണികണ്ടേശ്വരത്ത് ഒരു കുളത്തിൽ ഉണ്ടെന്ന് ഉള്ള സംശയത്തിൽ ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയും രാത്രിയായതോടെ തെരച്ചിൽ നാളെ തുടരാനാകു എന്ന് പറഞ്ഞ് ഫയർഫോഴ്സ് തെരച്ചിൽ സാനിപ്പിച്ചപ്പോൾ സവിൻ കുമാർ യൂണിഫോം അഴിച്ച് വച്ച് കുളത്തിലേക്കിറങ്ങി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
മരിച്ചയാൾക്ക് കോവിഡ് പോസിറ്റീവായതിനാൽ സവിൻ കുമാർ കോറന്റയിനിൽ പോകുകയും ചെയ്തിരുന്നു.
അന്ന് ഈ മാതൃകാ പ്രവർത്തനത്തിന് വിവിധ സംഘടനകളുടെ അഭിനന്ദനങ്ങൾക്ക് അർഹനാകുകയും ചെയ്ത് സേനയ്ക്ക് തന്നെ അഭിമാനമായി മാറിയ പോലീസുകാരനാണ് സവിൻ കുമാർ .