‘നേതാജി അമർ രഹേ’ – അഭിവാദ്യങ്ങളുമായി ആയിരങ്ങൾ; മുലായം സിങ് യാദവിന് വിട

ലക്നൗ • മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവിന് വിട നൽകി രാജ്യം. ഉത്തർപ്രദേശിൽ മുലായത്തിന്റെ സ്വദേശമായ സൈഫയിൽ നൂറുകണക്കിനു പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. സംസ്ഥാന ബഹുമതികളോടെ നടന്ന ചടങ്ങിൽ മകൻ അഖിലേഷ് യാദവാണ് ചിതയ്ക്കു തീകൊളുത്തിയത്. മുലായത്തിന്റെ കുടുംബവീട്ടിൽനിന്ന് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിൽ അണിനിരന്ന ആയിരക്കണക്കിനു പ്രവർത്തകർ ‘നേതാജി അമർ രഹേ’ മുദ്രാവാക്യങ്ങൾ മുഴക്കി.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തത്. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർല, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, കോൺഗ്രസ് നേതാവ് കമൽനാഥ്, നടൻ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ ഉൾപ്പെടെ നിരവധി പേർ മുലായത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തി.കേന്ദ്ര പ്രതിരോധ മന്ത്രി, മൂന്നു തവണ യുപി മുഖ്യമന്ത്രി, 10 തവണ എംഎൽഎ, ഒരു തവണ യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം, ഏഴു തവണ എംപി തുടങ്ങിയ നിലകളിൽ ദേശീയ രാഷ്ട്രീയരംഗത്ത് മായാമുദ്രകൾ അവശേഷിപ്പിച്ച മുലായം സിങ് യാദവ് തിങ്കളാഴ്ചയാണ് അന്തരിച്ചത്. ഈ മാസം രണ്ടു മുതൽ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ മുലായത്തിന്റെ വിയോഗത്തെത്തുടർന്ന് യുപിയിൽ യോഗി സർക്കാർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.