*സുഹൃത്തുക്കള്‍ തമ്മിലെ സംഘര്‍ഷം, പിടിച്ചുമാറ്റാന്‍ ഇടയില്‍ കയറിയയാള്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു*

കൊല്ലം: ചടയമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു. കണ്ണംകോട് സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറരയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതാണ് താഹ. ഇതിനിടയിൽ താഹയുടെ തലയ്ക്ക് അടിയേറ്റെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ കുഴഞ്ഞു വീണു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടനെ കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാൽപ്പത്തിയെട്ടുകാരനായ താഹയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശികളായ രാജീവ്, ഷിജു, പ്രദീപ്‌ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാജീവിന്‍റെ പിതാവിനെ ഷിജു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മരിച്ച താഹയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.