തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറില്‍ കെഎസ്‌ആര്‍ടിസിയും പാല്‍ ടാങ്കറും ഇടിച്ചു; ഒന്‍പത് മരണം

ടെമ്പോ ട്രാവലര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസും പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ച്‌ ഒന്‍പത് പേര്‍ മരിച്ചു.​അരസികേര താലൂക്കി ​ഗാന്ധി ന​ഗറിലാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലറില്‍ യാത്ര ചെയ്തവരാണ് മരിച്ച ഒന്‍പത് പേരും. ഇന്നലെ രാത്രി 11മണിയോടെയാണ് അപകടം.

മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. ധര്‍മസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത്. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.ശിവമോ​ഗ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ബസ് ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന പാല്‍ ടാങ്കറില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചു. ഇരു വാഹനങ്ങള്‍ക്കും ഇടയില്‍ പെട്ടാണ് ടെമ്പോ ട്രാവലര്‍ തകര്‍ന്നത്.

നാലുവരിപ്പാത നവീകരണത്തിനായി ഏറ്റെടുത്ത ഹൈവേയിലാണ് സംഭവം. പണി നടക്കുന്നതിനാല്‍ റോഡില്‍ വഴി മാറി പോകുന്നതിനായുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കുന്നതില്‍ വന്ന ആശയക്കുഴപ്പമായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.