‘ശബരിമലയിൽ വെർച്വൽ ക്യൂ, പൊലീസിന് മൊബൈൽ ഫോൺ, ഇന്റർനെറ്റ്; മറക്കാനാവില്ല’

തിരുവനന്തപുരം• സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരിയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:
അതീവദുഃഖത്തോടെയാണീ വാക്കുകൾ കുറിക്കുന്നത്. കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പൊലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽനിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ ഹെഡ് കോൺസ്റ്റബിൾ റാങ്കും 23 കൊല്ലത്തിൽ എഎസ്ഐ റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസു വഴി പൊലീസുകാർ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിവഴി പൊലീസുകാർ കുട്ടികൾക്ക് അധ്യാപകരായും അധ്യാപകർ സ്കൂളിലെ പൊലീസ് ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്സ് സർവീസുകാരെ ഹോം ഗാർഡുകളാക്കി പൊലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തിൽ ആദ്യമായി തണ്ടർബോൾട്ട് കമാൻഡോ ഉള്ള ബറ്റാലിയനും തീരദേശ പൊലീസും കടലിൽ പോകാൻ പൊലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്.ശബരിമലയിൽ വെർച്വൽ ക്യൂ തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പൊലീസ് ഓഫിസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് കോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവുമായ പൊലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പൊലീസ് സ്റ്റേഷനിലും കംപ്യൂട്ടർ നൽകി, എല്ലാ സ്റ്റേഷനിലും ഇന്റർനെറ്റ് കണക്‌ഷൻ നൽകി, പൊലീസിന്റെ കംപ്യൂട്ടർവൽക്കരണം ജനങ്ങൾക്ക്‌ അനുഭവവേദ്യമാക്കിയതും അദ്ദേഹം.ട്രാഫിക് ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു മാസ്കോട്ട്. 'പപ്പു സീബ്ര ' കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ട തോഴനായതും അദ്ദേഹം വഴി!! മൊബൈൽഫോൺ എന്നത് സീനിയർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്‌ഷൻ നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.അതേസമയം, അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നുതാനും. പൊലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെവിട്ടു പോയത്. വലിയ ദുഃഖം ആണ് എനിക്കീ വേർപാട്..