മലയിൻകീഴ് കുളക്കോട്ടു വളവിൽ വാടകയ്ക്കു താമസിക്കുന്ന ദിലീപിനെ (27) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രിയാണ് ദിലീപ് മദ്യപിച്ചെത്തി ഭാര്യ ആതിരയെ മർദിച്ചത്. ആക്രമിക്കുന്നതും വഴക്കു പറയുന്നതും ദിലീപ് ഫോണിൽ സെൽഫി ആയി വിഡിയോ എടുത്തു.
താൻ തന്നെയാണ് ഭാര്യയെ ആക്രമിച്ചതെന്ന് വിഡിയോയിൽ ദിലീപ് പറയുന്നുണ്ട്. താൻ ജോലിക്കു പോയാണ് വായ്പ അടയ്ക്കുന്നതെന്നും മക്കളെ പോറ്റുന്നതെന്നും മുറിവേറ്റ ശരീരവുമായി ആതിര കരഞ്ഞു പറയുന്നതും വിഡിയോയിൽ കാണാം.നാല് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളും കണ്ടു നിൽക്കെയാണ് ആക്രമണം. തലയിലും മുഖത്തും മുറിവേറ്റ ആതിര ബന്ധുവിനൊപ്പം തിങ്കളാഴ്ച രാവിലെ പൊലീസിൽ അഭയം തേടി. ഇവരുടെ പരാതിയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.