രണ്ട് വർഷമെടുത്താണ് ദുബായ് ജബല്‍ അലിയില്‍ ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂർത്തീകരിച്ചത്. എല്ലാ മതസ്ഥർക്കും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്
ദുബായ് : ജബല്‍ അലിയില്‍ പണി കഴിപ്പിച്ച ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് (ഒക്‌ടോബര്‍ 4) ഭക്തർക്കായി സമര്‍പ്പിക്കും. ഏകദേശം രണ്ടര വര്‍ഷമെടുത്താണ് 16 ആരാധനാ മൂർത്തികളുടെ പ്രതിഷ്‌ഠയുള്ള ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തില്‍ സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് സ്ഥാപിച്ചിട്ടുണ്ട്. യുഎഇയിലെ തന്നെ ഏറ്റവും പഴയ ഹിന്ദു ക്ഷേത്രമായ സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിന്‍റെ തുടര്‍ച്ചയായാണ് പുതിയ ക്ഷേത്രം നിര്‍മിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദർശന സമയം രാവിലെ 6.30 മുതല്‍ രാത്രി 8 വരെ : പ്രാദേശിക സമയം വൈകിട്ട് 5.30 മണിക്കാണ് ക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനം. മിനിസ്റ്റര്‍ ഓഫ് ടോളറന്‍സ് ആന്‍ഡ് കോ എക്‌സിസ്റ്റന്‍സ് ഷെയ്‌ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ചടങ്ങിലെ മുഖാതിഥി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ വിശിഷ്‌ടാതിഥിയാണ്. ഒക്‌ടോബര്‍ അഞ്ച് ദസറ ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് കൊടുക്കും.ദിവസവും 1,000-1,200 ഭക്തരെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണം. എല്ലാ മതസ്ഥർക്കും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാവിലെ 6.30 മണി മുതല്‍ രാത്രി 8 മണി വരെയാണ് ക്ഷേത്രം തുറന്നിരിക്കുക. അതേസമയം ഒക്‌ടോബര്‍ അഞ്ചിന് ദർശനത്തിനായി നേരത്തെ ബുക്ക് ചെയ്‌തവര്‍ക്ക് നിലവിലെ സന്ദര്‍ശന സമയം ബാധകമാകില്ല.
ശില്‍പ ചാരുതയാല്‍ മനം കവരുന്ന നിര്‍മിതി : വൈറ്റ് മാര്‍ബിള്‍ കൊണ്ട് പണിത ക്ഷേത്രത്തിന്‍റെ ഇന്‍റീരിയര്‍ കാണുന്നതിനായി സെപ്‌റ്റംബർ ഒന്നിന് തുറന്ന് കൊടുത്തിരുന്നു. സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിനായി ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള അപ്പോയ്മെന്‍റ് ബുക്കിങ് സംവിധാനവും വെബ്‌സൈറ്റിലൂടെ ക്ഷേത്ര മാനേജ്‌മെന്‍റ് ആരംഭിച്ചിരുന്നു. ആദ്യ ദിനം മുതലേ നിരവധി പേരാണ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത്.2020 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടത്. അറബിക്, ഹിന്ദു ജോമെട്രിക് ഡിസൈനുകളില്‍ പണികഴിപ്പിച്ച ക്ഷേത്രം ശില്‍പ ചാരുതയാല്‍ മനം കവരുന്നതാണ്. പ്രാര്‍ഥന ഹാളിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള 3ഡി പ്രിന്‍റോട് കൂടി വിരിയുന്ന പിങ്ക് താമര നിര്‍മിതിയുടെ അഴക് വര്‍ധിപ്പിക്കുന്നു. ആരാധനാഗ്രാമം എന്നറിയപ്പെടുന്ന ജെബല്‍ അലിയില്‍ ഹിന്ദു ക്ഷേത്രത്തിന് പുറമേ നിരവധി പള്ളികളും ഗുരു നാനാക് ദര്‍ബാര്‍ ഗുരുദ്വാരയുമുണ്ട്