കൊല്ലാൻ നോക്കി, ദേഹത്തു കയറിയിരുന്നു അടിച്ചു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൂത്ത മരുമകളും

യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ വീടിന് പുറത്താക്കിയ സംഭവത്തില്‍ അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രം​ഗത്ത്.തന്നെ കൊല്ലാന്‍ നോക്കിയെന്നും വാടകവീട്ടിലടക്കം എത്തി ഉപദ്രവിച്ചെന്നുമാണ് അതുല്യയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ വിമി പറഞ്ഞത്. തന്റെ അതേ അനുഭവം തന്നെയാണ് അനിയത്തിക്കും ഉണ്ടായിരിക്കുന്നതെന്ന് വിമി പറഞ്ഞു. 

എന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ അനിയത്തിക്കും ഉണ്ടായിരിക്കുന്നത്. എന്നെയും വീടിന് പുറത്താക്കിയിരുന്നു. ഒരു ദിവസം ഭര്‍ത്താവാണ് വീടിന് പുറത്താക്കിയത്. അന്ന് പൊലീസ് ഇടപെട്ടാണ് അകത്ത് കയറിയത്. പിന്നീടൊരു ദിവസം അമ്മായിയമ്മ പുറത്താക്കി. അന്ന് ഭര്‍ത്താവിന്റെ കൂടെ അയാളുടെ കടയില്‍ പോയാണ് രാത്രി കിടന്നത്”, വിമി പറഞ്ഞു. 

അമ്മായിയമ്മയുടെ പീ‌‍‍ഡനം സഹിക്കാന്‍ കഴിയാതെ സ്വ‌ന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു വിമി. തന്റെ സ്വര്‍ണവും പണവും കൈവശപ്പെടുത്തി വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് വിമി പറയുന്നത്. ഭര്‍ത്താവ് തന്നെ കഴുത്തില്‍ പിടിച്ച്‌ കൊല്ലാന്‍ നോക്കിയിട്ടുണ്ടെന്നും ദേഹത്ത് കയറിയിരുന്ന് ഉപദ്രവിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും ആറ്റിങ്ങല്‍, കൊല്ലം കോടതികളില്‍ കേസ് നടക്കുകയാണെന്നും വിമി പറഞ്ഞു. 

കൊല്ലം കൊട്ടിയം തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യയെയും അഞ്ച് വയസ്സുകാരന്‍ മകനെയുമാണ് ഇന്നലെ വൈകിട്ട് ഭര്‍തൃവീട്ടുകാര്‍ വീടിന് പുറത്താക്കി ഗെയിറ്റ് അടച്ചത്. നാട്ടുകാരടക്കം കനത്ത പ്രതിഷേധവുമായി രം​ഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി മുഴുവന്‍ ഇരുവരും വീടിന് പുറത്ത് നില്‍ക്കേണ്ടിവന്നു. ഇന്ന് രാവിലെ പൊലീസ് എത്തിയപ്പോഴാണ് അമ്മായിയമ്മ വാതില്‍ തുറന്നത്. സി‍ഡബ്ല്യൂസി അധികൃതരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ബസില്‍ നിന്ന് മകനെ വിളിക്കാന്‍ പോയതാണ് അതുല്യ.”അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാന്‍ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കുവന്നു. ഗെയിറ്റിനടുത്തെത്തിയപ്പോള്‍ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു”, അതുല്യ പറഞ്ഞു