കൊച്ചി: ബലാത്സംഗ കേസിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ വീട്ടില്‍ തിരിച്ചെത്തി.നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് എം എല്‍ എ പ്രതികരിച്ചു.
‘സംസ്ഥാനം വിട്ടുപോയിട്ടില്ല. എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കുറ്റം ആര്‍ക്കെതിരെയും ആരോപിക്കാം. ഒരു കുറ്റവും ചെയ്‌തിട്ടില്ല. ഞാന്‍ ഇന്നുവരെ ഒരു ജീവിയേയും ഉപദ്രവിക്കാത്ത ആളാണ്. അതിന് ശക്തിയുള്ള ആളല്ല ഞാന്‍. കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചു. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്.’- എം എല്‍ എ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്നലെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എം എല്‍ എ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ഒക്‌ടോബര്‍ 22 മുതല്‍ അടുത്ത മാസം ഒന്നാം തീയതി വരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനും സാദ്ധ്യതയുണ്ട്. കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് യുവതി ഇന്നലെ പ്രതികരിച്ചിരുന്നു. എല്‍ദോസിന് ജാമ്യം കിട്ടിയതില്‍ സങ്കടമുണ്ടെങ്കിലും പിന്മാറുന്ന പ്രശ്നമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.