ചരിഞ്ഞ തള്ളയാനയ്ക്ക് സമീപത്തു നിന്നും മാറാതെ നിന്ന് കുട്ടിയാന; കരളലിയിക്കും കുട്ടിയാന

തിരുവനന്തപുരം: കോട്ടൂര്‍ അഗസ്ത്യവനത്തിലെ പൊടിയം ഊരില്‍ പൊത്തോട് പട്ടാണി പാറയില്‍ കാട്ടാന ചരിഞ്ഞു. ജഡത്തിനരികിലായി കുട്ടിയാനയും ഉണ്ടായിരുന്നു. തുടര്‍ന്ന്, വനപാലകരെത്തി ഇന്നലെ രാത്രി കുട്ടിയാനയെ സുരക്ഷിതമായി ആനപരിപാലന കേന്ദ്രത്തിലേക്കു മാറ്റി.

രണ്ടു ദിവസം മുമ്പ് അഗസ്ത്യവനത്തില്‍ പേപ്പാറ റെയ്ഞ്ചില്‍ മുക്കോത്തിവയല്‍ ചതുപ്പില്‍ പട്ടാണിപ്പാറയ്ക്കു സമീപം അമ്മയാനയെയും കുട്ടിയെയും കാട്ടില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടിരുന്നു. വിവരം വനപാലകരെ അറിയിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ആനക്ക് ജീവനുണ്ടയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഉച്ചയോടെ പിടിയാന ചരിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് തള്ളയാന ചരിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആന ചരിഞ്ഞതിന്റെ കാരണം മൃതദേഹ പരിശോധന കഴിഞ്ഞാലേ അറിയാനാകൂവെന്ന് വനപാലകര്‍ വ്യക്തമാക്കി.

നാല് വയസോളം പ്രായമുള്ള കുട്ടിയാന പിടിയാനയുടെ സമീപത്ത് നിന്നും മാറാതെ നിന്നു. ഒടുവില്‍ ഇതിനെ ശ്രമപെട്ട് രാത്രി 9 മണിയോടെയാണ് കാപ്പുകാട് എത്തിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയാനയുടെ മൃതദേഹം സംസ്‌കരിച്ചു.