പ്രിയങ്ക ചോപ്ര മുതല്‍ നയൻതാര വരെ; വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ താരങ്ങള്‍...

തമിഴകത്തിന്‍റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം  സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം"- എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേര്‍ താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയപ്പോഴും കല്യാണത്തിന് മുന്നേ നയൻ‌താര ഗർഭിണി ആയോ എന്നു തുടങ്ങിയ പല കമന്‍റുകളും ഒരു വിഭാഗം ആളുകളില്‍ നിന്നും ഉയര്‍ന്നു. വാടക ഗര്‍ഭധാരണത്തിലൂടെ ആണ് നയന്‍താര അമ്മയായത്.
ഭ്രൂണത്തെ നിര്‍ദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബില്‍ വെച്ച് ബീജസങ്കലനം (in vitro fertilization -IVF) നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്നു. വാടക ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് ഗര്‍ഭപാത്രത്തിന്‍റെ ഉടമയുമായി ജൈവിക ബന്ധം ഉണ്ടാകില്ല.

 സണ്ണി ലിയോൺ 

ബോളിവുഡിന്‍റെ പ്രിയ നടി സണ്ണി ലിയോണ്‍ ആദ്യമൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം 2018-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ രണ്ട് കുഞ്ഞുങ്ങളുടെ കൂടി അമ്മയായി. ഭര്‍ത്താവ് ഡാനിയേല്‍ വെബറും കുട്ടികളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ശില്‍പ ഷെട്ടി

2020- ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ താന്‍ മകളെ സ്വന്തമാക്കിയതായി ശില്‍പ ഷെട്ടി അറിയിച്ചത്. ഈ കുഞ്ഞിന് മുമ്പ് ഒരു ആണ്‍കുഞ്ഞും ശില്‍പയ്ക്കുണ്ട്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

പ്രീതി സിന്‍റ

ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് പ്രീതി സിന്റ. പ്രീതിയും ഭര്‍ത്താവ് ജീനും 2021-ല്‍ ആണ് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങളെ സ്വന്തമാക്കിയതായി അറിയിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം പോസ്റ്റില്‍ കുറിച്ചിരുന്നു.

പ്രിയങ്ക ചോപ്ര

പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും 2022-ലാണ് കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ കുഞ്ഞിനെ സ്വന്തമാക്കിയതെന്ന് പ്രിയങ്ക തന്നെയാണ് അറിയിച്ചത്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.