ജലദോഷമോ തൊണ്ടവേദനയോ പോലുള്ള പ്രശ്നങ്ങള്‍ പൊതുവെ എല്ലാവരും വളരെ നിസാരമായാണ് എടുക്കാറ്. മിക്കവാറും സീസണലായ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയും അലര്‍ജി പോലുള്ള അണുബാധകളുടെ ഫലമായും ആണ് ജലദോഷമോ തൊണ്ടവേദനയോ എല്ലാം ഉണ്ടാകാറ്. എന്നാല്‍ കൊവിഡ് 19ന്‍റെ വരവോട് കൂടി ഇത്തരം പ്രശ്നങ്ങളെല്ലാം എല്ലാവരും കാര്യമായി കണക്കാക്കിത്തുടങ്ങി. പക്ഷെ കൊവിഡില്‍ പല രീതിയിലാണ് ലക്ഷണങ്ങള്‍ കാണപ്പെടുകയെന്ന് നമുക്കറിയാം. കൊവിഡ് 19 ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയിരുന്ന സമയത്ത് ജലദോഷം അടക്കമുള്ള പ്രശ്നങ്ങളെയെല്ലാം ആളുകള്‍ ഭയന്നുവെന്നത് സത്യമാണ്. ഇത് കഴിഞ്ഞ് വീണ്ടും വൈറല്‍ പനിയും മറ്റ് അസുഖങ്ങളുമെല്ലാം തലപൊക്കിയപ്പോള്‍ കൊവിഡിന് കൂടുതല്‍ പ്രാധാന്യം നല്‍കാതായി. ഈ സാഹചര്യത്തില്‍ കൊവിഡ് സംബന്ധമായ ചില വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് വിദഗ്ധര്‍. കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്ന 'കൊവിഡ് സൂ ആപ്പ്' സൂചിപ്പിക്കുന്നത് പ്രകാരം നിലവില്‍ തൊണ്ടവേദന വീണ്ടും കൊവിഡ് ലക്ഷണമായി കാര്യമായിത്തന്നെ വരികയാണ്. തൊണ്ടയില്‍ അസ്വസ്ഥത, വേദന, കട്ടിയായി എന്തോ തടയുന്നത് പോലത്തെ അനുഭവം എല്ലാം കൊവിഡ് തൊണ്ടവേദനയിലുണ്ടാകാമെന്ന് ഇവര്‍ പറയുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. തൊണ്ട വരണ്ടിരിക്കുന്നതും ഇത് വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. സീസണല്‍ തൊണ്ടവേദനയുമായി സവിശേഷതകളില്‍ ഏറെ സാമ്യത ഇതിനുള്ളതായും ആപ്പ് പറയുന്നു.എന്നാല്‍ കൊവിഡ് തൊണ്ടവേദന ആണെങ്കില്‍ അത് അഞ്ച് ദിവസം മാത്രമേ നീണ്ടുനില്‍ക്കൂവെന്നാണ് ഇവര്‍ പറയുന്നത്. ആദ്യദിവസങ്ങളില്‍ ബുദ്ധിമുട്ട് കൂടുതലുണ്ടാകും. ഇക്കാരണം കൊണ്ട് തന്നെ അഞ്ച് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന തൊണ്ടവേദനയാണെങ്കില്‍ മറ്റ് അസുഖങ്ങള്‍ക്കുള്ള പരിശോധന നടത്തുന്നതാണ് ഉചിതമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.തൊണ്ടവേദനയ്ക്കൊപ്പം തന്നെ പനി, കുളിര്, ചുമ, ക്ഷീണം, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, മൂക്കൊലിപ്പ്, അസ്വസ്ഥത, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ( ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം ) എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി കാണുന്നുണ്ടെങ്കില്‍ അത് കൊവിഡ് ആകാനുള്ള സാധ്യതകളേറെയായി. ഇത്തരം സാഹചര്യത്തില്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാവുക.