പെന്‍ഷന്‍ പ്രായം അറുപതാക്കി; ധനവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം അറുപതായി ഏകീകരിച്ചു.ഇതുസംബന്ധിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 

പൊതുമേഖ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പെന്‍ഷന്‍ പ്രായമാണ് നിലനില്‍ക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെ പെന്‍ഷന്‍ പ്രായം ഏകീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. അതേസമയം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് എതിരെ ഭരണമുന്നണിയില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്. എഐവൈഎഫ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.