മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻറെ ബോഡി ഡബിൾ സാഗർ പാണ്ഡേ (50) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അൻപതിലധികം ചിത്രങ്ങളിൽ സൽമാൻറെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്.സാഗറിന്റെ വിയോഗത്തിൽ സൽമാൻ അനുശോചിച്ചു. ഷാരൂഖ് ഖാൻറെ ബോഡി ഡബിൾ, പ്രശാന്ത് വാൽഡെയാണ് സാഗർ പാണ്ഡെയുടെ മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സാഗർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.അഞ്ച് സഹോദരങ്ങളാണ് സാഗറിനുള്ളത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിായ സാഗർ സിനിമാ മോഹവുമായാണ് മുംബൈയിലെത്തിയത്. കുഛ് കുഛ് ഹോതാ ഹേയിൽ സൽമാൻ ഖാന്റെ ബോഡി ഡബിളായി അഭിനയിച്ചാണ് ബോളിവുഡ് സിനിമയിലേക്കെത്തിയത്. തുടർന്ന് ട്യൂബ് ലൈറ്റ്, ബജ്രംഗി ഭായിജാൻ, ദബാങ് തുടങ്ങിയ ചിത്രങ്ങളിൽ സൽമാന്റെ ബോഡി ഡബിളായെത്തി.