പാരിപ്പള്ളിയിൽ ആവേശം നിറച്ച് 'പടവെട്ട്' വിജയാഘോഷം, നിവിൻ പോളിയെയും സംഘത്തെയും കാണാൻ ആരാധകർ ഒഴുകിയെത്തി

'പടവെട്ട്' എന്ന സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തീയ്യേറ്ററിൽ നടന്നു. നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്‍ണ തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. ചിത്രത്തെ വിജയമാക്കിയ ആരാധകരോട് നിവിൻ പോളി നന്ദി രേഖപ്പെടുത്തി.'കോറോത്ത് രവി' എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് തങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് നിവിൻ പോളി പറഞ്ഞു. നാലു ദിവസം പിന്നിട്ട ചിത്രത്തിന് കേരളത്തിൽ നിന്നും പുറത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 20 കോടിയോളം പ്രീ റിലീസ് ബിസിനസ്സ് നടന്ന ചിത്രം നാല് ദിവസത്തെ കളക്ഷൻ കൊണ്ടുതന്നെ വൻ ലാഭത്തിൽ ആയിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെത്തന്നെ മറ്റൊരു മെഗാ ഹിറ്റ്‌ ആയി മാറിയിരിക്കുകയാണ് 'പടവെട്ട്'.ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് സിനിമ പ്രമേയമാക്കുന്നത്. ‌ ചിത്രത്തിൽ നിവിൻ പോളി 'കോറോത്ത് രവി' എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്. എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ.