കുട്ടി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാന്‍ പാളയംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ടിങ്കറിംഗ് ലാബ് തയ്യാര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രാവബോധവും സാങ്കേതിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ പാളയംകുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്ര ആശയങ്ങള്‍ വളര്‍ത്തുന്നതിനും പുതിയ ആശയങ്ങള്‍ പരീക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നത്. ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ അറിവ് പ്രായോഗികമായി പരീക്ഷിക്കാനുള്ള ഇടം കൂടിയാണ് ഇവ. 

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ അറിവുനേടാനും ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. റോബോട്ടിക്‌സ്, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് ഉപകരണങ്ങളും ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ആറുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 40 പേർക്കാണ് ടിങ്കറിംഗ് ലാബിൽ ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. പ്രദേശത്തെ മറ്റ് സ്കൂളുകളെക്കൂടി ഉൾപ്പെടുത്തി പരിശീലനം വിപുലീകരിക്കാനും ആലോചനയുണ്ട്.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും  ചടങ്ങിൽ സ്പീക്കർ വിതരണം ചെയ്തു. വി ജോയ് എം എൽ എ അധ്യക്ഷനായിരുന്നു.