സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാംക്ലാസ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 24-ന് പരീക്ഷ എഴുതിയ ശേഷം സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർഥി കുപ്പിയിലുള്ള ശീതളപാനീയം അശ്വിന് കുടിക്കാൻ നൽകുകയായിരുന്നു. പാനീയം കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ അശ്വിന് ഛർദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

ആശുപത്രി അധികൃതർ കളിയിക്കാവിള പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സ്കൂളിൽവെച്ച് ഒരു വിദ്യാർഥി തനിക്ക് ശീതളപാനീയം തന്നുവെന്നും അതു കുടിച്ചെന്നും കുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ ഏത് വിദ്യാർഥിയാണ് ശീതള പാനീയം നൽകിയത് എന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

അശ്വിന്റെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാഗർകോവിൽ ആശാരിപ്പുള്ളം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.