സമരസഖാവിന് റെഡ് സല്യൂട്ട്; കോടിയേരിക്ക് വിടചൊല്ലി നാട്...മക്കൾ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചിതയ്ക്ക് തീകൊളുത്തി

കണ്ണൂർ: മുതിർന്ന സിപിഎം നേതാവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലി ജന്മനാട്. പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് കോടിയേരിയുടെ ഭൗതികശരീരം സംസ്‌കരിച്ചത്. മക്കൾ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചിതയ്ക്ക് തീകൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം എം.എ ബേബി, പ്രകാശ് കാരാട്ട്, എളമരം കരീം എം.പി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം നേതാവ് പി. ജയരാജൻ, എ.എൻ ഷംസീർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെയും പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച പ്രിയ സഖാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്‌കാര ചടങ്ങുകൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു.ഇന്നലെ രാത്രി 10 വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് സഖാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ വ്യക്തികളും പാർട്ടി പ്രവർത്തകരും സാധാരണക്കാരുമെല്ലാം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിന് ആദരാഞ്ജലികളർപ്പിക്കാനെത്തി. രാത്രി 11ഓടെ തലശ്ശേരി മാടപ്പീടികയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും വീട്ടിലെത്തിയിരുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ കോടിയേരിയുടെ ഭൗതികദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്കെത്തി. പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ഭാഗത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെ നിന്ന് ചടങ്ങുകൾ കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.