സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കും എതിരെ കേസ്

സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്.തിരുവനന്തപുരം വിഴിഞ്ഞം പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കും സിനിമയുടെ സംവിധായികയുമാണ് കേസിലെ പ്രതികള്‍. 

യുവാവിന്റെ വിശദ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയത്. കരാറിന്റെ പേരില്‍ തന്നെ കുടുക്കി സിനിമയില്‍ അഭിനയിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

അരുവിക്കരയില്‍ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളോഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച്‌ ഭാ​ഗം ഷൂട്ട് ചെയ്ത ശേഷം കരാര്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡള്‍ട്ട് ഒണ്‍ലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. 

അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ കൈവിട്ടതോടെ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോള്‍ താമസിക്കുന്നത്.