നെടുങ്കണ്ടം : കെഎസ്ആർടിസി ബസ് സ്റ്റോപ്പുകളിൽ നിർത്തിയില്ല. ബസിൽ കയറാൻ മറ്റു വാഹനങ്ങളെ ആശ്രയിച്ചു യാത്രക്കാർ പിന്നാലെ പോയതു 4 കിലോമീറ്റർ. ബസ് നിർത്താതെ പോയതോടെ പൊലീസും പിന്നാലെയെത്തി. ഞായറാഴ്ച രാത്രി 8 നു നെടുങ്കണ്ടത്തു നിന്നു തിരുവനന്തപുരത്തേക്ക് പോയ നെടുങ്കണ്ടം–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണു സ്റ്റോപ്പുകളിൽ നിർത്താതെ പാഞ്ഞത്. സംഭവത്തിൽ ചേമ്പളം തേവരോലിൽ ടി.ആർ.മനോജ് പരാതി നൽകി.
നെടുങ്കണ്ടം കിഴക്കേകവല, പടിഞ്ഞാറെക്കവല, കല്ലാർ എന്നിവിടങ്ങളിൽ ബസ് നിർത്തിയില്ല. നെടുങ്കണ്ടത്തെ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു ബസ് പുറപ്പെട്ട ശേഷം 4 കിലോമീറ്റർ അകലെ ബസ് തടഞ്ഞിട്ടാണു യാത്രക്കാർ കയറിയത്. പടിഞ്ഞാറെക്കവലയിൽ ബസ് നിർത്താതെ പോയതിനെ തുടർന്നു പരാതിക്കാരനായ ടി.ആർ.മനോജ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാറിൽ കയറ്റി ബസിന്റെ പിന്നാലെ എത്തി. പൊലീസ് സ്റ്റേഷനിലും ഇതിനിടെ യാത്രക്കാർ വിവരം അറിയിച്ചു.
നെടുങ്കണ്ടം പൊലീസും ബസിന്റെ പിന്നാലെ എത്തി. ഇതിനിടെ ടി. ആർ. മനോജിന്റെ നേതൃത്വത്തിൽ ചേമ്പളത്തു ബസിനെ ഓവർടേക്ക് ചെയ്ത് നിർത്തിച്ചു. ഈ സമയം പിന്നാലെ കാറിലും ഓട്ടോറിക്ഷയി ലുമായി മറ്റു ചില യാത്രക്കാരുമെത്തി. പൊലീസ് എത്തി യാത്രക്കാരെ ബസിൽ കയറ്റി. കൈകാണിക്കാതെ വന്നതും റിസർവേഷൻ യാത്രക്കാരെ ശ്രദ്ധിച്ചതുമാണ് ബസ് നിർത്താതെ പോന്നതിനു കാരണമെന്നു ജീവനക്കാർ പറയുന്നു.ഇതിനിടെ പുളിയൻമലയിൽ നിന്നും ബസ് കുമളി റോഡിലേക്കു വഴി തെറ്റി കയറിപ്പോവുകയും ചെയ്തു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് തിരിച്ചു നേരായ റോഡിൽ എത്തിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.