യുവാവ് തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് അഭിമുഖമായി മൊബൈല്‍,ലൈവ് കൊടുത്തശേഷം ആത്മഹത്യയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തനിലയില്‍. കോട്ടയം സ്വദേശിയായ യുവാവാണ് രണ്ട് ദിവസം മുമ്പ് വെമ്പായത്ത് തൂങ്ങിമരിച്ചത്. ഇയാളെ കാണാനിനില്ലെന്ന് ബന്ധുക്കൾ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം വെമ്പായത്തെ പിരപ്പൻകോട് ഇന്‍റര്‍നാഷണല്‍ നീന്തൽ സമുച്ചയത്തിന് സമീപത്തെ റബർ തോട്ടത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം പുത്തെറ്റ് സ്വദേശി കൊല്ലാടിൽ ജെയിംസ് വർഗീസാണ് മരിച്ചതെന്ന് പൊലീസ് തരിച്ചറിഞ്ഞു. തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയ ഇയാളെ കാണാനില്ലെന്ന് കാട്ടി പിതാവ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പ്ലാസ്റ്റിക് കയറിൽ തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ടത്. ഇതിന് സമീപത്തായി ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ  ഓൺ ചെയ്ത്  ഫേസ്ബുക്കിൽ ലൈവ് കൊടുത്തതിന് ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. തൂങ്ങിക്കിടന്ന മൃതദേഹത്തിന് അഭിമുഖമായി വച്ചിരുന്ന മൊബൈൽ പൊലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ  ഇയാൾ റോഡരികിൽ കാർ പാർക്ക് ചെയ്തതിനുശേഷം ഡോർ തുറന്ന് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 33 കാരനായ ജെയിംസിന് ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സൂചനയുണ്ട്. വെഞ്ഞാറമൂട് പോലീസ് നടപടികൾ ആരംഭിച്ചു.