ആത്മഹത്യാ കുറിപ്പ് വളരെ നേരത്തെ തയാറാക്കിയെന്ന് നിഗമനം
തിരുവനന്തപുരം• ഒറ്റക്കയറിന്റെ രണ്ടറ്റത്ത് മാതാപിതാക്കളുടെ ജീവൻ അവസാനിച്ചതോടെ അനാഥരായതു മൂന്നു കുട്ടികൾ. കമാൽ റാഫിയും ഭാര്യ തസ്നീമും തമ്മിൽ വഴക്കും തർക്കവും പതിവായിരുന്നെങ്കിലും അവരെ തങ്ങൾക്കു നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് അതെത്തുമെന്നു കുട്ടികൾ കരുതിയിരുന്നില്ല. മാതാപിതാക്കൾ അകന്നു ജീവിക്കുമ്പോഴും അവരെ കൂട്ടിയിണക്കാൻ ഇവർ പരിശ്രമിച്ചിരുന്നു. എന്നാൽ എല്ലാ പരിശ്രമവും പരാജയപ്പെടുത്തിയാണ് കമലേശ്വരം വലിയവീട് ലൈൻ ക്രസന്റ് അപ്പാർട്മെന്റിൽ കമാൽ റാഫി (52), ഭാര്യ തസ്‌നീം(42) എന്നിവരുടെ മരണം.
തസ്നീമിനെ കൊലപ്പെടുത്തിയശേഷം റാഫി ആത്മഹത്യ ചെയ്തെന്നാണു പൊലീസ് നിഗമനം. സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തന്റെ ആത്മഹത്യയ്ക്കുള്ള തയാറെടുപ്പ് റാഫി നേരത്തേ തന്നെ നടത്തിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണു മുറിയിൽ നിന്നു കണ്ടെടുത്ത കുറിപ്പ്. ഇത് ഇന്നലെ എഴുതിയതല്ലെന്നും നേരത്തേ തന്നെ തയാറാക്കിയതാണെന്നുമാണു പൊലീസ് സംശയിക്കുന്നത്. ‘ബഹുമാനപ്പെട്ട സർ’ എന്ന് അഭിസംബോധന ചെയ്താണു കുറിപ്പ്. പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ദേശിച്ച്, അവരുടെ കയ്യിലെത്താൻ വേണ്ടി എഴുതിയതാണെന്നു വ്യക്തം.
ഭാര്യയുമായുള്ള പ്രശ്നങ്ങളെല്ലാം കുറിപ്പിൽ അക്കമിട്ടു വിവരിക്കുന്നു.. പതിവായി ഇരുവരും വഴക്കുണ്ടാക്കുമായിരുന്നുവെന്ന് അയൽക്കാരും പറയുന്നു. വഴക്ക് അസഹ്യമായതോടെയാണു മണക്കാടുള്ള സഹോദരിയുടെ വീട്ടിലേക്കു നസ്നീം താമസം മാറ്റിയത്. എന്നാൽ മക്കൾ മിക്കപ്പോഴും ഫ്ലാറ്റിലായിരുന്നു. ഇവർക്കു ഭക്ഷണമുണ്ടാക്കാനും മറ്റുമായി പകൽസമയത്തു നസ്നീം ഇവിടെ എത്തുമായിരുന്നു. തസ്നീമിനെ റാഫി കൊലപ്പെടുത്തുകയായിരുന്നെങ്കിൽ മക്കളില്ലാത്ത സമയം നോക്കി അതിനു പദ്ധതി ആസൂത്രണം ചെയ്തെന്നാണു പൊലീസ് കരുതുന്നത്.
ഉച്ചയോടെ ഫ്ലാറ്റിൽനിന്നു വലിയ ശബ്ദം കേട്ടെന്ന് അയൽക്കാർ പറയുന്നുണ്ട്. എന്നാൽ തസ്നീമിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ അടയാളങ്ങളില്ല. ബിബിഎ വിദ്യാർഥിയായ മകൻ ഖലീഫ വൈകിട്ട് വീട്ടിലെത്തി ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഫോണിൽ വിളിച്ചപ്പോൾ റിങ് ചെയ്തെങ്കിലും എടുത്തില്ല. ഈ സമയത്ത് റാഫിയുടെ ഫോൺ ശുചിമുറിയിലും തസ്നീമിന്റേതു കിടപ്പുമുറിയിലെ മേശപ്പുറത്തുമായിരുന്നു. വഴക്ക് പതിവായതിനാൽ സംശയം തോന്നിയ മകൻ അപ്പോൾതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.