കുട്ടികള്‍ക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയില്‍ കൊവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തില്‍ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്‌കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു.
അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു. എന്നാല്‍ അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോള്‍ വീണ്ടും അണുക്കളുമായി കൂടുതല്‍ സമ്പര്‍ക്കം വരാം. ഒരു കുട്ടിയ്ക്ക് അസുഖം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ വളരെ എളുപ്പമാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.