വർക്കല റെയിൽവേ സ്റ്റേഷനു മുന്നിലും സമീപ റോഡുകളുടെ വശങ്ങളിലും വാഹനങ്ങൾ തോന്നിയപടി പാർക്കു ചെയ്യുന്നതു യാത്രക്കാർക്ക് ബുദ്ധിമുട്ടും ഗതാഗത പ്രശ്നങ്ങളുമുണ്ടാക്കുന്നു

വർക്കല : റെയിൽവേ സ്റ്റേഷനു മുന്നിലും സമീപ റോഡുകളുടെ വശങ്ങളിലും വാഹനങ്ങൾ തോന്നിയപടി പാർക്കു ചെയ്യുന്നതു യാത്രക്കാർക്ക് ബുദ്ധിമുട്ടും ഗതാഗത പ്രശ്നങ്ങളുമുണ്ടാക്കുന്നു. സ്റ്റേഷന്റെ പ്രധാനപ്പെട്ട കവാടത്തിനു മുന്നിൽവരെ മറ്റു വാഹനങ്ങൾ കടന്നുപോകുന്നതിനു തടസ്സമുണ്ടാക്കി ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നു. ടിക്കറ്റ്-റിസർവേഷൻ കൗണ്ടറിലേക്കുള്ള വഴിയടച്ചുവരെ ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ട് പോകുന്നു. സ്റ്റേഷനു മുന്നിലും പിന്നിലുമുള്ള റോഡുകളുടെ വശങ്ങളിൽ തീവണ്ടിയാത്രക്കാരുടെ നൂറുകണക്കിന് വാഹനങ്ങളാണ് കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. പണം കൊടുത്തു പാർക്കിങ്ങിനു സൗകര്യമുണ്ടെങ്കിലും പല യാത്രക്കാരും നോ പാർക്കിങ് സ്ഥലങ്ങളിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.

വർക്കല റെയിൽവേ സ്റ്റേഷൻ പ്രധാനപ്പെട്ട കവാടത്തിനു മുന്നിൽ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം രോഗികളും പ്രായംചെന്നവരുമുൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നു. കാർ പോർട്ടിക്കോയുടെ ഇരുവശവും നിരവധി വാഹനങ്ങളാണ് നിർത്തിയിട്ട് പോകുന്നത്. ഇതുകാരണം യാത്രക്കാരെ കൊണ്ടുവിടാനും വിളിക്കാനും വരുന്ന കാറുകൾക്ക് ഉള്ളിൽ പ്രവേശിക്കുന്നതിന് പലപ്പോഴും കഴിയാറില്ല. അത്യാഹിതമുണ്ടായാൽ ആംബുലൻസിന് പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വികലാംഗർക്ക് പാർക്കിങ് ഒരുക്കിയിടങ്ങളിൽപ്പോലും അനധികൃത പാർക്കിങ്ങുണ്ട്. ടിക്കറ്റ് കൗണ്ടറിലേക്കുള്ള വഴിയടച്ചും ഇരുചക്രവാഹനങ്ങൾ കൊണ്ടുവയ്ക്കാറുണ്ട്.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടുകളിലും വാഹനങ്ങൾ നിയന്ത്രണമില്ലാതെയാണ് നിർത്തിയിടുന്നത്. സ്റ്റേഷന്റെ കിഴക്ക് ഇടുങ്ങിയ ഗുഡ് ഷെഡ്ഡ് റോഡരികിലെ അനധികൃത പാർക്കിങ് ഗതാഗത പ്രശ്നങ്ങളുമുണ്ടാക്കുന്നു. പ്ലാറ്റ്ഫോം തുടങ്ങുന്നയിടത്തും മാർത്തോമാ സ്കൂളിന്റെ ഭാഗത്തും റോഡിന്റെ വശങ്ങളിൽ നിരനിരയായി വാഹനങ്ങൾ നിർത്തിയിരിക്കുന്നത് സ്ഥിരംകാഴ്ചയാണ്. രണ്ട് വലിയ വാഹനങ്ങൾ കടന്നുപോകാനിടമില്ലാത്ത റോഡിലാണ് സ്ഥിരമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വീടുകളുടെ ഗേറ്റുകൾക്ക് മുന്നിൽവരെ ബൈക്കുകൾ നിർത്തിയിട്ട് പോകാറുണ്ട്. റെയിൽവേ സ്റ്റേഷനു മുന്നിലും വടക്കുഭാഗത്തും വാഹന പാർക്കിങ്ങിന് സ്ഥലമുണ്ടെങ്കിലും സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെയെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. അതിനാൽ റോഡരികിലും തുറസ്സായ സ്ഥലത്തുമായി പാർക്ക് ചെയ്താണ് യാത്രക്കാർ തീവണ്ടി കയറുന്നത്.
മൊബൈൽ ആപ് വഴി തീവണ്ടി എത്തുന്ന സമയത്താണ് യാത്രക്കാർ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷനു സമീപം എവിടെയെങ്കിലും വാഹനം നിർത്തിയിട്ട് പെട്ടെന്ന് തീവണ്ടിയിൽ കയറുകയാണ് ചെയ്യുന്നത്. തീവണ്ടിയാത്രക്കാരുടെ വാഹനങ്ങളാകയാൽ അവർ യാത്രകഴിഞ്ഞ് തിരിച്ചെത്തുന്ന സമയംവരെ നിർത്തിയ സ്ഥലത്തു തുടരും. ദിവസങ്ങളോളം പാർക്ക് ചെയ്തിട്ടുപോകുന്ന വാഹനങ്ങളുമുണ്ട്. മുമ്പ് സ്ഥിരമായി നോ പാർക്കിങ് ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ആർ.പി.എഫ്. പിഴ ഈടാക്കിയിരുന്നു. പോലീസിന്റെ നിരീക്ഷണം കുറഞ്ഞതോടെ പാർക്കിങ് തോന്നുംപടിയായി.