ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു.പത്മ, റോസ്‌ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നല്‍കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.കൊലപാതക ശേഷം അവയവങ്ങള്‍ താന്‍ വിറ്റതായും ഷാഫി പറഞ്ഞതായി ലൈല മൊഴി നല്‍കി. ഇതിന് പിന്നാലെ ഷാഫിയുടെ മൊഴിയെടുത്തപ്പോഴാണ് ഷാഫി ഇക്കാര്യങ്ങളെ തള്ളിപ്പറഞ്ഞത്. ലൈലയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിന് വേണ്ടി താന്‍ കള്ളം പറഞ്ഞെന്നാണ് ഷാഫി മൊഴി നല്‍കിയിരിക്കുന്നത്.