പിടികിട്ടാപുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും ,കൂട്ടാളിയും അറസ്റ്റിൽ

പിടിയിലായത് വർഷങ്ങൾക്ക് മുമ്പ് ഒഡീഷയിൽ എത്തി ഏക്കറ് കണക്കിന് കഞ്ചാവ് തോട്ടങ്ങൾ സ്വന്തമാക്കിയ ലഹരി കടത്ത് തലവൻ 

ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ (1) പാറ അഭിലാഷ് എന്ന് വിളിക്കുന്ന ഇടവക്കോട് അഭിലാഷ്(വയസ്സ് 37) പൊറ്റയിൽ വീട്,
ഇടവക്കോട്, ശ്രീകാര്യം
(2)മൊട്ട അനി എന്ന് വിളിക്കുന്ന പ്രദീഷ്കുമാർ (വയസ്സ് 36)
തോപ്പിൽ വീട്, എസ്സ്.എം.ആർ കോളനി, കരിമണൽ കുളത്തൂർ എന്നിവരെയാണ് ആറ്റിങ്ങൽ , വെഞ്ഞാറമൂട് പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത് . 

ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള വനഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് ലോഡ് കണക്കിന് കഞ്ചാവ് കടത്തി വന്നിരുന്നതിലെ പ്രധാനിയാണ് പിടിയിലായ അഭിലാഷ്. പിടിക്കപ്പെടാതിരിക്കാനായി ഒഡീഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇയാൾ പണമിടപാട് നടത്താനായി ഉപയോഗിച്ചിരുന്നത്. സോഷ്യൽ മീഡിയാ ഉപയോഗിക്കാതെയും , സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ വെഞ്ഞാറൻമൂട് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന നാല് പേരെ ഇരുന്നൂറ് കിലോ കഞ്ചാവുമായി പിടിച്ചതിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് ലഹരി കടത്ത് തലവനായ അഭിലാഷും കൂട്ടാളിയും പോലീസിന്റെ പിടിയിലായത്. 

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പാ ഐ.പി.എസ്സ് എ.എസ്സ്.പി എം.കെ. സുൽഫീക്കർ ആറ്റിങ്ങൽ ഡി.വൈ.എസ്സ്.പി, ജി.ബിനു ,നർക്കോട്ടിക് സെൽ ഡി.വൈ.എസ്സ്.പി പി.റ്റി.രാസിത്ത് , ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ സി.സി പ്രതാപചന്ദ്രൻ, വെഞ്ഞാറമൂട് ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം നടത്തിയ മികച്ച പ്രവർത്തനത്തിലൂടെയാണ് ഇയാളെ പിടികൂടാനായത്. കഴിഞ്ഞ നാല് മാസമായി അന്വേഷണ സംഘം ഇയാളുടെ പിന്നാലെ ആയിരുന്നു. ഇയാളുടെ താവളമായ ഒഡീഷയിലെ കോറാപുട്ട് ജില്ലയിൽ അന്വേഷണ സംഘം ആഴ്ചകളോളം താമസിച്ച് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും , പോലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാൾ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തിനകത്തേക്ക് ഉൾവലിയുകയായിരുന്നു. ഇയാളെ പുറത്ത് ചാടിക്കാനായി അവസാനം പോലീസ് സംഘം അവിടെ നിന്നും പിന്മാറുകയായിരുന്നു. പോലീസ് പിൻവാങ്ങിയതോടെ ഇയാൾ കേരളത്തിലേക്കും ബാംഗ്ലൂരിലേക്കും ലഹരി കടത്തിൽ വീണ്ടും സജീവമാകുകയായിരുന്നു

ദീപാവലി ആഘോഷിക്കുന്നതിനായി ഇയാൾ തമിഴ് നാട്ടിൽ എത്താൻ സാധ്യത ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെഞ്ഞാറമൂട് സബ്ബ് ഇൻസ്പെക്ടർ വി.എസ്സ.വിനീഷ് , ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , സീനിയർ സി.പി.ഒ അഷ്റഫ് , സി.പി.ഒ മാരായ ഷിജു , സുനിൽരാജ് എന്നിവരടങ്ങുന്ന സംഘം ആഴ്ചകളോളം ഇയാൾ എത്താൻ സാധ്യത ഉള്ള തമിഴ്നാട്ടിലെ ലഹരി കടത്ത് സംഘങ്ങളെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ നീക്കത്തിലൂടെയാണ് സാഹസികമായി ഇയാളെ പിടികൂടിയത്.

നിലവിൽ എക്സൈസ് എൻഫോഴ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ മൂന്ന് വലിയ അളവ് കഞ്ചാവ് കേസ്സുകളിൽ ഇയാൾ മുഖ്യ പ്രതിയാണ്. തൊള്ളായിരം കിലോയോളം കഞ്ചാവും ,നിരവധി പ്രതികളേയും വാഹനങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്ത ഈ കേസ്സുകളിലെല്ലാം കഞ്ചാവ് ഒഡീഷയിൽ നിന്നും എത്തിച്ചത് അഭിലാഷ് ആയിരുന്നു. ഈ കേസ്സുകളിലെയെല്ലാം പ്രധാനപ്രതിയായ ഇയാളെ ഇത് വരെ പിടികൂടാൻ എക്സൈസ് സംഘത്തിന് കഴിഞ്ഞിരുന്നില്ലാ.

തിരുവനന്തപുരം സിറ്റിയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും വധശ്രമം , എക്സ്പ്ലൊസ്സീവ് കേസ്സുകളിലെ പ്രതിയായ ഇയാളെ ശ്രീകാര്യം, കഴക്കൂട്ടം പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകളും നിലവിലുണ്ട്. ബോംബ് എറിഞ്ഞ്, കൊലപ്പെടുത്താൻ ശ്രമിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് എടുത്ത കേസ്സിൽ ഇയാൾ ഏഴ് വർഷം ശിക്ഷ അനുഭവിച്ച പ്രതിയാണ്. ഇയാളെ പിടികൂടാനായതോടെ ഒഡീഷയിൽ നിന്നും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് നിർത്താനാകും എന്ന ആശ്വാസത്തിലാണ് കേരളാ പോലീസ്.