ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പോക്സോ കേസിൽ റിമാൻ്റിലായി.ആറ്റിങ്ങൽ വിദ്യാപീഠം ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ ജയപ്രസാദാണ് ആറ്റിങ്ങൽ ഗവ:ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളെ ട്യൂഷൻ്റെ പേരിൽ പീഡിപ്പിച്ചു വന്നത്. സ്കൂളിലെ മൂന്ന് പെൺകുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത് . തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തെ കുറിച്ച് അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു.
അധ്യാപിക ഉടനെ രക്ഷിതാക്കളേയും ചൈൽഡ് ലൈൻ പ്രവർത്തകരേയും വിവരം അറിയിക്കുകയും ആറ്റിങ്ങൽ പോലീസ് കേസ് എടുക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻറു ചെയ്തു.