ചെറിയ മഴപെയ്താൽപ്പോലും തീരദേശ പഞ്ചായത്തായ വക്കത്തെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടാണ്. ഇടറോഡുകൾ തകർന്നതോടെ പഞ്ചായത്തിലിപ്പോൾ യാത്രാക്ലേശം രൂക്ഷമാണ്. പത്താം വാർഡിലെയും പതിനൊന്നാംവാർഡിലെയും ജനങ്ങളുടെ ആശ്രയമാണ് ആങ്ങാവിള-വെളിവിളാകം റോഡ്. വക്കം-നിലയ്ക്കാമുക്ക് റോഡിനെയും ചാവടിമുക്ക്-വെളിവിളാകം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഈ റോഡ് പൊളിഞ്ഞിട്ട് വർഷങ്ങളായി. പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടുകളുമാണ്.ഈ റോഡ് കുഴിച്ച് ഓട നിർമാണം നടത്തി. ഓട സ്ലാബുകളിട്ട് മൂടി. എന്നാൽ, റോഡ് പുനർനിർമിക്കാൻ അധികൃതർ തയ്യാറായില്ല. ടാറിളകി മെറ്റലും ചരലും റോഡിൽ നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. ഈ റോഡിനിരുവശവും ധാരാളം കുടുംബങ്ങളുണ്ട്. റോഡ് തകർന്നത് ഇവരെയെല്ലാം ബുദ്ധിമുട്ടിലാക്കി. റോഡിന്റെ ശോചനീയാവസ്ഥ അവിടെ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളെയും പ്രയാസത്തിലാക്കുന്നുണ്ട്. പഞ്ചായത്തിലെ മറ്റ് റോഡുകളുടെയും സ്ഥിതി ഇതുതന്നെയാണ്. വെളിവിളാകം രണ്ടാം ഗേറ്റ് റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.
ചെറിയ മഴയിൽപ്പോലും റോഡിൽ വെള്ളക്കെട്ടാണ്. ഇതോടെ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. രോഗബാധിതരെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിനും പൊളിഞ്ഞ റോഡ് പ്രതിസന്ധിയാകുകയാണ്. റോഡുകൾ നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലപ്രാവശ്യം അധികൃതർക്ക് പരാതികൾ നല്കി. നടപടികളുണ്ടായിട്ടില്ല. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.