'നീ എസ്എഫ്ഐക്കാരനാണല്ലേ' ; കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകന്റെ മുഖത്തടിച്ച് എസ്ഐ

കൊച്ചി: കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകന് പൊലീസ് മർദ്ദനം. റോഷിൻ എന്ന എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് എസ്ഐ മാഹിൻ സലീം മർദ്ദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ സംഘമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്ഐയുടെ മർദ്ദനം. അകാരണമായാണ് പൊലീസ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം വിദ്യാർത്ഥികൾ കൂടി നിന്ന കടയ്ക്ക് സമീപം ലഹരി വിൽപന നടക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിക്കരുതെന്ന് ഈ കടയ്ക്ക് നിർദേശം നൽകിയിരുന്നതാണെന്നുമാണ് പൊലീസ് വിശദീകരണം. ഇന്നലെ ഇത് തെറ്റിച്ച് പ്രവർത്തിച്ചത് ചോദ്യം ചെയ്യുന്നതിനിടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തുകയായിരുന്നുവെന്നും സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെ പിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയതെന്നും പൊലീസ് വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ചിലർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതേസമയം പൊലീസിനെതിരായ വിഷയമായതിനാൽ പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾ എസ്എഫ്ഐക്കാരോട് നിർദേശിച്ചതായാണ് വിവരം.