സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.

അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.”

പാഴൂർ സ്വദേശി ബാവയുടെ മകനാണ് ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടായക്കിയ കെ എൽ 57 ഇ 9592 എന്ന സ്കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തോടെ പെർമിറ്റ് കാലാവധി തീർന്നതായാണ് കാണുന്നത്.