സംസ്ഥാനത്ത് റോഡ് നിയമങ്ങൾ ലംഘിച്ചുകൊണ്ടും അപകടകരമായ രീതിയിലും അമിതവേഗതയിലുമൊക്കെ വാഹനങ്ങള്‍ ഓടിക്കുന്നവർക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വാഹന വകുപ്പ്. പിടികൂടി പിഴയിട്ടും താക്കീതും നൽകി വിടുകയും ഹ്രസ്വകാലത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് പകരം കുറ്റം ചെയ്തവർക്കെതിരെ കടുത്ത നടപടിയാണ് മോട്ടോർ വാഹനവകുപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാൻ തുടങ്ങിയ പരിശോധനകൾ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന മറ്റ് വാഹനങ്ങളിലേക്കും കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച രൂപരേഖയും മോട്ടോർ വാഹനവകുപ്പ് തയാറാക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നിലവില്‍ നടക്കുന്ന , രണ്ടാഴ്ച കൊണ്ട് പരിമിതിപ്പെടുന്ന സ്പെഷൽ ഡ്രൈവുകൾക്ക് പകരം തുടർച്ചയായി നിരീക്ഷണം ഉറപ്പാക്കുന്ന പരിശോധനകൾക്കും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നതാണ് സുപ്രധാന നീക്കം. പോണ്ടിച്ചേരി രജിസ്ട്രേഷൻ, സൺ ഗ്ലാസ് ഫിലിം, ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം, നിയമവിരുദ്ധ സൈലൻസറുകൾ എന്നിവക്കെതിരെ അടക്കമുള്ള പരിശോധനകളെല്ലാം ഇത്തരത്തിൽ ചുരുങ്ങിയകാലത്തിൽ ഒതുങ്ങിയിരുന്നു. ഈ പോരായ്മ പരിഹരിക്കുന്ന വിധത്തില്‍ പരിശോധനാ സംവിധാനം നവീകരിക്കാനാണ് നീക്കം. അതുപോലെ നിയമ ലംഘനത്തിന് ലൈസൻസ് റദ്ദാക്കിയാൽ ആർടിഒ ഹിയറിങ് കഴിഞ്ഞ് അധികം വൈകാതെ തിരിച്ചുകിട്ടുന്നതാണ് നിലവിലെ രീതി. എന്നാൽ ഇനി ലൈസൻസ് റദ്ദാക്കിയാൽ തിരികെ കിട്ടുന്നതിനുള്ള കാലപരിധി കർശനമാക്കും. ഒപ്പം നിശ്ചിത സമയത്തെ നിർബന്ധിത സാമൂഹികസേവനവും ഏർപ്പെടുത്തും. ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും. നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രചരണം നടത്തുന്ന വ്ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമനടപടി ഉണ്ടാകും. ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.പൊതുജനത്തിന്റെ സഹായം പ്രയോജനപ്പെടുത്തി ഗതാഗത നിയമലംഘനങ്ങളും മത്സരയോട്ടവും തടയുന്നതിനും തീരുമാനമുണ്ട്. ഇതിനായി ഒരാഴ്ചക്കുള്ളിൽ മൊബൈൽ ആപ്പ് തയാറാക്കും. ഇതുവഴി നിയമലംഘനങ്ങൾ ചിത്രമടക്കം ഉൾപ്പെടുത്തി അധികൃതർക്ക് നൽകാം. പരിശോധനകളുടെ പുരോഗതി വിലയിരുത്തുന്നതിന് ഗതാഗത കമീഷണറുടെ നേതൃത്വത്തിൽ സോണൽ തരത്തിൽ അവലോകനയോഗങ്ങളും തുടരുകയാണ്.അതേസമയം, കോണ്‍ട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 8- ന് ആരംഭിച്ച 'ഫോക്കസ്-3' സ്പെഷ്യല്‍ ഡ്രൈവില്‍ ഒക്ടോബര്‍ 12 വരെ 253 വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവര്‍ണറുകളില്‍ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. 75,73,020 രൂപ പിഴയും ചുമത്തി. ശബ്ദ / വായു മലിനീകരണം ഉള്‍പ്പെടെ 4472 കേസുകളാണ് എടുത്തത്. 263 വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ഏഴ് വാഹനങ്ങളുടെ രജിസ്ട്രേഷനും 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും ഇതുവരെ റദ്ദാക്കിയിട്ടുണ്ട് എന്നാണ് കണക്കുകള്‍.