എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി

എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരെ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. എല്‍ദോസിനെതിരെ തുടര്‍ നിയമ നടപടികള്‍ക്കുള്ള അനുമതിക്കായി അന്വേഷണ സംഘം സ്പീക്കറെ സമീപിക്കും. തന്നെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.നിലവില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് എല്‍ദോസ് ഇന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യതാസമില്ല,താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. അധികാരം എനിക്ക് അവസാന വാക്കല്ല. മരിക്കുവോളം സത്യസന്ധമായി ജീവിക്കും. പെരുമ്പാവൂരിലെ വോട്ടേഴ്സ് പറയുന്നത് അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദീകരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തട്ടിപ്പ് തനിക്ക് വശമില്ലെന്നും ദൈവം മാത്രമാണ് തുണയായിട്ടുള്ളതെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതികരിച്ചു.