ജീവിതത്തിൽ കാലിടറിയ 'അറബിക്കഥയിലെ കോട്ട് നമ്പ്യാർ'; അറ്റ്‌ലസ് രാമചന്ദ്രനെ ഓർക്കുമ്പോൾ

നമ്പ്യാർ കോട്ടില്ലാതെ പുറത്തിറങ്ങുകയില്ല, ഗൾഫിലെ ക്യാമ്പിൽ ഒപ്പം താമസിക്കുന്നവർ അയാളെ പരിഹസിക്കുമായിരുന്നു. ഒരേയൊരു കോട്ടേയുള്ളൂ നമ്പ്യാർക്ക്. അത് ഉണങ്ങുന്നവരെ അയാൾ മുറിയിൽ തന്നെ കാത്തിരിക്കും. ചിട്ടി നറുക്കെടുപ്പിന് മുറിയുടെ പുറത്തേക്ക് ക്ഷണിക്കുമ്പോൾ കോട്ട് നമ്പ്യാർ പറയും, 'കണ്ടില്ല്യേ, എന്റെ കോട്ട് ഉണങ്ങീട്ടില്ല്യാ'. ഒടുവിൽ കോട്ടില്ലാതെ പുറത്തേക്കു വരുമ്പോൾ നഗ്നനായി നിൽക്കുന്ന അവസ്ഥയാണ് നമ്പ്യാർക്ക്. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിൽ അറ്റ്ലസ് രാമചന്ദ്രൻ അവതരിപ്പിച്ച ഈ കഥാപാത്രത്തെ ആരും മറക്കാൻ ഇടയില്ല.സഖാവ് ക്യൂബ മുകുന്ദന്റെ കഥ പറയുന്ന ചിത്രത്തിൽ കോട്ട് നമ്പ്യാരുടെ ഭൂതകാലത്തെക്കുറിച്ച് കാര്യമായി പറയുന്നില്ല. എന്നിരുന്നാലും ഏതോ വലിയ പദവിയിൽ നിന്ന് തൊഴിലാളി കാമ്പിലെത്തിയ വ്യക്തിയാണ് അയാളെന്ന് പറയാതെ പറയുന്നുണ്ട്. ജീവിതത്തിൽ അറ്റ്ലസ് രാമചന്ദ്രന് കാലിടറിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതം നമ്പ്യാരുടേതിന് സമാനമായി. ഒന്നുമില്ലാത്തവനായി.''കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും സന്ദർശകരായി വന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദർശകരെ കാണണമെന്ന് മോഹിക്കാൻ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ. ജയിലിനകത്തായിരിക്കുമ്പോഴാണ് കാറ്റും ചൂടും വെളിച്ചവുമെല്ലാം എത്ര മനോഹരമാണെന്ന് തിരിച്ചറിയുക. വല്ലപ്പോഴും ആസ്പത്രിയിലെ വൈദ്യ പരിശോധനയ്ക്കോ കോടതിയിലേക്കോ പോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്. അവിടെ കാണാൻ വരേണ്ടെന്ന് ഭാര്യയോട് ഞാൻ തന്നെ പറഞ്ഞിരുന്നു''- ജയിൽ ജീവിതത്തെക്കുറിച്ച് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.