ജനസമ്മതനായ തിരുമലുകാരൻ; ഉളുക്കുവന്നാൽ ഓടിപ്പോകുന്നത് പുളിന്തിട്ടയിലെ ഇല്ലത്തേക്ക്;

വീട്ടിലെ ആഭിചാരപ്രക്രിയ നാട്ടുകാർ അറിയാതെ; ദമ്പതികളെ അറസ്റ്റ് ചെയ്തപ്പോൾ പോലീസ് നൽകിയ സൂചന പെണ്ണുകേസെന്ന്; 

ഇലന്തൂരുകാരുകാരെ ഞെട്ടിച്ച് രാവിലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന നരബലിക്കഥ

കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി നരബലി കൊടുത്ത സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ റോസ്‌ലി എന്ന മറ്റൊരു സ്ത്രീയുമാണ് ഇരയായത്. ഇവരെ നരബലി നൽകിയ ശേഷം കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നരബലിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിൽ നല്ല മനുഷ്യനായി അറിയപ്പെടുന്ന വ്യക്തിയാണ് നരബലിക്ക് അകത്തായത്. ( ilanthoor bhagaval singh laila updates )

ദമ്പതിമാർക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നൽകിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവൽ സിങ്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവർക്കായി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവർത്തിച്ചത്. സ്ത്രീകളെ കൊച്ചിയിൽനിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങൾ. ഭഗവന്ത് സിംഗിനെ ഇന്നലെ രാത്രിയാണ് അറസ്റ്റു ചെയ്തത്. പെണ്ണുകേസെന്ന സൂചനയാണ് നാട്ടുകാർക്ക് പൊലീസ് നൽകിയത്. തിരുമൽ വിദഗ്ധനാണ് ഇയാൾ. ഇലന്തൂരുകാരൻ തന്നെയാണ് ഭഗവന്ത്.

ഇലന്തൂരിൽ നിന്ന് പുന്നായ്ക്കാട് വഴിയിലാണ് വീട്. ഭഗത് സിംഗെന്നാണ് ഏവരും വിളിക്കുന്നത്. പുളിന്തിട്ട പള്ളിക്ക് അടുത്താണ് വീട്. പള്ളിക്ക് അകത്തു കൂടിയും വീട്ടിലേക്ക് പോകും. ഇലന്തൂർ പുളിത്തട്ടയിലാണ് വീട്. തിരുമലും മറ്റും ചെയ്തു നടക്കുന്ന ഇയാൾ എന്തിനാണ് നരബലി നടത്തിയെന്ന് നാട്ടുകാർക്ക് പിടികിട്ടുന്നില്ല. സൗമ്യനായി നാട്ടുകാരോട് ഇടപെടും. ഉളുക്ക് പോലുള്ള അസുഖങ്ങൾ എത്തുമ്പോൾ നാട്ടുകാർ ആദ്യം ഓടിയെത്തുന്നതും ഇയാളുടെ അടുത്താണ്. ഇന്നലെ രാവിലെ പൊലീസ് സംഘം എത്തി. ഭാര്യയേയും ഭർത്താവിനേയും കൊണ്ടു പോയി. രാവിലെ വാർത്ത എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന നരബലിയിൽ വ്യക്തത വന്നത്. ഇലന്തൂർകാരനാണ് ഇയാൾ. ഇല്ലം പോലൊരു കുടുംബത്തിലെ അംഗമായിരുന്നു.

ജനസമ്മതനായ തിരുമലുകാരനായിരുന്നു ഭഗവന്തെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യയെ കുറിച്ച് മറ്റൊന്നും ആർക്കും അറിയില്ല. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബർ 26 മുതൽ കാണാതായിരുന്നു. ഈ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങൾ കണ്ടെത്തിയത്. ആറന്മുള ഇലന്തൂരിലെ ദമ്പതിമാർക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്.

കാലടി സ്വദേശിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് ആറന്മുളയിലേക്ക് എത്തിക്കുകയായിരുന്നു. സെപ്റ്റംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഇവർ എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത് എന്ന് പൊലീസ് പറയുന്നു. നാട്ടുകാർ പോലും അറിയാതെയായിരുന്നു ഇതെല്ലാം നടന്നത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്റ്റംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫേസ്‌ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് എത്തിച്ചത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്.

49 വയസുള്ള ഇവർ മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകൾ പരാതി നൽകിയിരുന്നു. എന്നാൽ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാൽ റോസ്ലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്ലിനും സമാനമായ നിലയിൽ കൊല്ലപ്പെട്ടതായി വ്യക്തമായത്